തൃശൂര്‍: ആശുപത്രിയിലേക്കു പോകാന്‍ വേറെ വഴിയില്ലാതെ ഓമന 101ല്‍ വിളിച്ചു, വീട്ടുവാടക കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ അറിഞ്ഞ് ഓമനയ്ക്ക് വീടുവെച്ചു നല്‍കാനൊരുങ്ങി നാടിന് മാതൃകയായി അഗ്നിരക്ഷാ സേന. തൃശൂര്‍ പാറളത്താണ് സംഭവം.
ലോക്ഡൗണ്‍ കാലത്താണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കീമോതെറപ്പിക്കു പോകാന്‍ സൗകര്യം ഇല്ലാതെ ഓമന 101 എന്ന നമ്പറിലേക്ക് ആദ്യമായി ഫോണ്‍ വിളിച്ചത്. പിന്നീടു 15 തവണ ഓമനയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുമായി അഗ്നിരക്ഷാ സേന പാറളത്തെ വാടകവീട്ടിലെത്തി.
ഇപ്പോഴിതാ അഗ്നിരക്ഷാ സേന തന്നെ മുന്‍കയ്യെടുത്ത് ഓമനയ്ക്കൊരു വീട് യാഥാര്‍ഥ്യമാകുകയാണ്. ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍മാരായ കെഎല്‍ എഡ്വേഡ്, പോള്‍ ഡേവിഡ്, നിതില്‍ വിന്‍സന്റ് എന്നിവരാണ് ആംബുലന്‍സ് യാത്ര ഒരുക്കിയത്. വാടക കൊടുക്കാന്‍ പോലുമാകാത്ത അവസ്ഥയറിഞ്ഞ ഇവര്‍ ഫയര്‍ സര്‍വീസ് ഡ്രൈവേഴ്സ് ആന്‍ഡ് മെക്കാനിക്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയെ അറിയിച്ചു.
ഒടുവില്‍ വീടുവച്ചു നല്കാന് അവര്‍ തീരുമാനിക്കുകയായിരുന്നു. വടക്കാഞ്ചേരി ഫയര്‍ സ്റ്റേഷന് ഓഫിസര്‍ പിഎ ലാസര്‍ പാറളത്തെ പുരയിടത്തില്‍ നിന്നു 3 സെന്റ് സ്ഥലം വിട്ടുനല്‍കി. ഇന്നു 10ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ വീടിനു ശിലയിടും.