തൃശൂര്‍: ജനങ്ങളെ ഭീതിയിലാഴ്ത്തി ചാലക്കുടിയില്‍ മിന്നല്‍ ചുഴലി. അതി ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി, വൈദ്യുതി പോസ്റ്റുകള്‍ നിലം പൊത്തി, നിരവധി വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് വീശിയടിച്ചത് പടിഞ്ഞാറെ ചാലക്കുടി- മുരിങ്ങൂര്‍ മേഖലയിലാണ്.
ഇന്ന് പുലര്‍ച്ചെ നാലരയോടെ നാടിനെ നടുക്കിയ സംഭവം. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. വീടുകളുടെ ട്രസ് ഷീറ്റ് മറിഞ്ഞ് വീണു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് തൃശൂരില്‍ മിന്നല്‍ ചുഴലി ഉണ്ടാകുന്നത്.
സെപ്തംബര്‍ 9ന് വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി മേഖലയില്‍ മിന്നല്‍ ചുഴലി ഉണ്ടായിരുന്നു. മരങ്ങള്‍ കടപുഴകി വീഴുകയും ഇലക്ട്രിക് പോസ്റ്റുകള്‍ തകരുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. മുകുന്ദപുരം താലൂക്ക് കല്ലൂര്‍ വില്ലേജില്‍ കോട്ടായി ദേശത്ത് മിന്നല്‍ ചുഴലിയില്‍ 15 ഓളം മരങ്ങള്‍ കടപുഴകി വീണു.
also read: കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് അപകടം; ഓണത്തെ കണ്ണീരില്‍ മുക്കി വിദ്യാര്‍ത്ഥിയുടെ മരണം
ജില്ലയില്‍ ചാവക്കാട് തിരുവത്ര മേഖലയിലും മിന്നല്ചുഴലിയുണ്ടായിരുന്നു. പുത്തന്‍കടപ്പുറം എസി പടിയിലെ വിവിധ ഭാഗങ്ങളിലായിരുന്നു അന്ന് നാശനഷ്ടമുണ്ടായത്. ഇടയ്ക്കിടെ ചുഴലിക്കാറ്റ് വീശുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.