പുലാമന്തോള്‍: ഒരു സമ്മാനവും ഇല്ലെന്ന് കരുതി കുപ്പത്തൊട്ടിയിലെറിഞ്ഞു കളഞ്ഞ ലോട്ടറി ടിക്കറ്റിന് 75 ലക്ഷം രൂപയുടെ ഒന്നാംസമ്മാനം അടിച്ചു. കേരളത്തിന്റെ ‘സൗഭാഗ്യ’ മഴയില്‍ നനഞ്ഞു ജാഫര്‍.
കേരള സര്‍ക്കാരിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ 23ന് നടന്ന നറുക്കെടുപ്പിലാണ് കട്ടുപ്പാറ സ്വദേശി കുറുവക്കുന്നന്‍ ജാഫറിന്(46) 75 ലക്ഷം രൂപയുടെ ഒന്നാംസമ്മാനം ലഭിച്ചത്. ഒരു സമ്മാനവും ഇല്ലെന്ന് കരുതി കുപ്പത്തൊട്ടിയിലെറിഞ്ഞു കളഞ്ഞ ലോട്ടറി ടിക്കറ്റിനാണ് സൗഭാഗ്യം സമ്മാനിച്ചത് എന്നതാണ് ശ്രദ്ധേയം.
പുലാമന്തോള്‍ ടൗണിലെ ഇന്ത്യന്‍ ലോട്ടറി ഏജന്‍സിയിലെ വട്ടപ്പറമ്പില്‍ ശശികുമാറിന്റെ കയ്യില്‍നിന്നാണ് ലോട്ടറി ടിക്കറ്റെടുത്തത്. ഒന്നിച്ച് 6 ടിക്കറ്റുകളാണ് വാങ്ങിയത്. നറുക്കെടുപ്പ് കഴിഞ്ഞ ഉടനെ 5000 മുതല്‍ താഴേക്കുള്ള ചെറിയ സമ്മാനങ്ങള്‍ ഒത്തു നോക്കിയെങ്കിലും ഒന്നും കണ്ടില്ല. വലിയ സമ്മാനങ്ങള്‍ കിട്ടില്ലെന്ന വിശ്വാസത്തില്‍ അപ്പോള്‍ തന്നെ ലോട്ടറി ടിക്കറ്റുകള്‍ വീട്ടിലെ കുപ്പത്തൊട്ടിയിലേക്കിട്ടു.
പുലാമന്തോളില്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതറിഞ്ഞ് ടിക്കറ്റ് ഒന്നുകൂടി പരിശോധിച്ചപ്പോഴാണ് തനിക്ക് ഒന്നാംസമ്മാനം ലഭിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് സമ്മാനാര്‍ഹമായ ടിക്കറ്റ് പുലാമന്തോളിലെ കട്ടുപ്പാറ ബാങ്ക് ശാഖയിലേല്‍പിച്ചു. സ്ഥിരമായി പലയിടങ്ങളില്‍ നിന്നായി ടിക്കറ്റ് എടുക്കാറുള്ള ജാഫര്‍ 6 ടിക്കറ്റുകള്‍ ഒന്നിച്ചെടുക്കുന്നതാണ് പതിവ് രീതി.
കട്ടുപ്പാറയിലെ കെഎസ്ഇബി സെക്ഷന്‍ ഓഫിസില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്യുകയാണ് ജാഫര്‍. ഭാര്യയും 3 മക്കളുമുണ്ട്. സഹോദരനും 3 സഹോദരിമാര്‍ക്കുമൊപ്പം തറവാട്ടു വീട്ടിലാണ് ഇപ്പോള്‍ താമസം. കുറച്ച് സ്ഥലം വാങ്ങി സ്വന്തമായി ഒരു വീടു വയ്ക്കണമെന്നതാണ് ജാഫറിന്റെ ആഗ്രഹം.
ഒരു വര്‍ഷം മുന്‍പ് മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ ലഭിച്ചിരുന്നു. ഇതും പുലാമന്തോളില്‍ നിന്നെടുത്ത ടിക്കറ്റിനാണ് ലഭിച്ചത്. പിന്നീട് പലതവണ 5,000 വരെ കിട്ടിയിട്ടുണ്ട്. മുന്‍പൊരിക്കല്‍ ഒന്നുമില്ലെന്ന് കരുതി കത്തിച്ചു കളഞ്ഞ 3 ടിക്കറ്റുകളില്‍ 1,000 രൂപവീതം സമ്മാനമുണ്ടെന്ന് പിന്നീട് അറിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്.