മലപ്പുറം: മലപ്പുറത്ത് രോഗിയുമായി വന്ന ആംബുലന്‍സ് കാര്‍ യാത്രക്കാരന് തടസപ്പെടുത്തിയതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ചു. വളാഞ്ചേരി കരേക്കാട് വടക്കേപ്പീടിയേക്കല്‍ ഖാലിദ് ആണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12.45നാണ് സംഭവമുണ്ടായത്.
കാര്‍ യാത്രക്കാരന് ആംബുലന്‍സിനെ വഴിയില്‍ പിന്തുടര്ന്ന് ആശുപത്രിയില്‍ എത്തി, സംഭവം കയ്യാങ്കളിയിലെത്തിക്കുകയായിരുന്നു. വാഹന ഷോറൂമില്‍ എത്തിയ ഖാലിദിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അങ്ങാടിപ്പുറം മേല്പാലത്തില് ആംബുലന്‍സിനു മുന്പില് കാര്‍ തടസം ഉണ്ടാക്കിയെന്ന്് പരാതിയില്‍ പറയുന്നു. പിന്നീട് ആംബുലന്‍സിനെ പിന്തുടര്ന്ന് ആശുപത്രിയില്‍ എത്തിയ കാര്‍ യാത്രക്കാരന് ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു.
രോഗിയെ കൊണ്ടുപോകാനായി ആശുപത്രി ജീവനക്കാര്‍ സ്ട്രെച്ചറുമായി എത്തിയെങ്കിലും തര്‍ക്കത്തിന് ശേഷമാണ് രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. അല്പസമയത്തിന് ശേഷം മരിക്കുകയും ചെയ്തു. തര്‍ക്കത്തില്‍ പരുക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ പാങ്ങ് വലിയപറമ്പില്‍ അബ്ദുല്‍ അസീസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.