പാമ്പാടി: കോട്ടയം പാമ്പാടിയില്‍ വീടിനകത്ത് ഉറങ്ങുകയായിരുന്ന കുട്ടി ഉള്‍പ്പടെയുള്ള നാട്ടുകാരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരണം. ഏഴ് പേരെ ഇന്നലെയാണ് തെരുവുനായ ആക്രമിച്ചത്. പിന്നീട് ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ് മോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
വെള്ളൂര്‍ കാലായില്‍ രാജു (64), പാറയ്ക്കല്‍ നിഷ സുനില്‍ (43), പതിനെട്ടില്‍ സുമി വര്‍ഗീസ് (35), മകന് ഐറിന് (10), പാറയില്‍ സെബിന് (12), കൊച്ചഴത്തില്‍ രതീഷ് (37), സനന്ദ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ വെള്ളൂര്‍ കവലയ്ക്ക് സമീപമായിരുന്നു സംഭവം. നായ മുറ്റത്തുനിന്നവരെയും വീട്ടിനുള്ളിലിരുന്നവരെയും വഴിയെ നടന്നുപോയവരെയും കടിച്ചശേഷം ഓടിപ്പോയി. നാട്ടുകാര്‍ സംഘടിച്ച് എത്തിയപ്പോഴേക്കും നായ രക്ഷപ്പെട്ടിരുന്നു.
also read-ആ ഭാഗ്യവാന് ഇതാണ്, തിരുവോണം ബമ്പറടിച്ചത് ഓട്ടോഡ്രൈവര്‍ക്ക്, അനൂപിന് ലഭിക്കുക 15.75 കോടി!
പിന്നീടാണ് നായയെ ചത്തനിലയില്‍ കണ്ടെത്തിയത്. അതിനിടെ, പാറയ്ക്കല്‍ നിഷ സുനിലിനെ തെരുവുനായ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. വീട്ടുവളപ്പില്‍ കയറിയാണ് ഇവരെ തെരുവുനായ കടിച്ചത്. ഇവരുടെ ഭര്‍ത്താവ് പുറത്തുപോയപ്പോള്‍ ഗേറ്റ് അടയ്ക്കാനായാണ് ഇവര്‍ പുറത്തെത്തിയത്. ഇതിനിടെയാണ് മുറ്റത്തേക്ക് പാഞ്ഞെത്തിയ തെരുവുനായ ആക്രമിച്ചത്.