തിരുവനന്തപുരം: തിരുവോണം ബമ്പര്‍ നറുക്കെടുപ്പിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍. ആരായിരിക്കും ആ ഭാഗ്യശാലിയെന്ന് ഇന്ന് അറിയാം. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ചാണ് തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ്.
ഉച്ചയ്ക്ക് രണ്ട് മണിക്ക് ധനമന്ത്രിയുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്. 25കോടി രൂപയാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്ന ഒന്നാംസമ്മാനം. എന്നാല്‍ വിവിധ നികുതികള്‍ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപയാവും ഭാഗ്യശാലിയുടെ കയ്യില്‍ കിട്ടുക. അതേസമയം, സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്.
ഈ വര്‍ഷം തിരുവോണം ബമ്പറിന് റെക്കോര്‍ഡ് വില്പനയാണ് നടന്നത്. 67 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതില്‍ 66 ലക്ഷത്തിലേറെ ടിക്കറ്റുകളും വിറ്റുപോയി. ടിക്കറ്റ് വില്‍പ്പനയില്‍ ഏറ്റവും മുന്നില്‍ പാലക്കാട് ജില്ലയാണ്. ജില്ലയില്‍ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.
രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്. തൃശൂരില്‍ 8,79,200 ടിക്കറ്റുകളാണ് വിറ്റത്. ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടും ടിക്കറ്റ് വില്പന കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ മറികടക്കുകയാണ്. ടിക്കറ്റെടുക്കുന്നതില്‍ അഞ്ച് ശതമാനം പേര്‍ക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഓണം ബമ്പര്‍ ക്രമീകരിച്ചിരിക്കുന്നത്. പത്ത് സീരിസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയത്.