ചെങ്ങന്നൂര്‍: ബൈക്ക് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ‘സഹായി’യായി കൂടെക്കൂടി തക്കംകിട്ടിയപ്പോള്‍ മൂന്ന് പവന്റെ മാല തട്ടിയെടുത്ത് കള്ളന് മുങ്ങി. അപകടസമയത്ത് പോലും പറ്റിക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് വെണ്ണിക്കുളം നാരകത്താനി മല്ലപ്പള്ളിക്കുഴിയില് ജിബിന്‍ വര്‍ഗീസ് (23).
റോഡ് അപകടത്തില്‍ പരുക്കേറ്റപ്പോള്‍ സഹായി ചമഞ്ഞ് എത്തിയയാള്‍ എക്സ്റേ എടുക്കുന്നതിനു മുന്‍പ് ജിബിന്‍ ഊരിയേല്പിച്ച 3 പവന്റെ മാല തട്ടിയെടുത്തു മുങ്ങുകയായിരുന്നു. ചെങ്ങന്നൂര്‍ ബഥേല്‍ ജംഗ്ഷനിലെ ഇലക്ട്രോണിക്സ് ഗൃഹോപകരണ സ്ഥാപനത്തില്‍ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് ആയ ജിബിന്‍ ഞായറാഴ്ച രാവിലെ സ്ഥാപനത്തിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത്.
സ്ഥാപനത്തിലെ സഹപ്രവര്‍ത്തക ശ്രീജയ്ക്ക് വഴിയില്‍വച്ച് ലിഫ്റ്റ് നല്കി. പുത്തന്‍കാവില്‍ വച്ച് ബൈക്കില്‍ ഒരു കാര്‍ ഇടിച്ചു. ജിബിനും ശ്രീജയ്ക്കും പരുക്കേറ്റു. നാട്ടുകാര്‍ ഇരുവരെയും ജില്ലാ ആശുപത്രിയിലെത്തിച്ചു. അപകടസ്ഥലത്ത് ‘രക്ഷാപ്രവര്‍ത്തനത്തിന്’ എത്തിയ യുവാവ് പിന്നാലെ ബൈക്കില്‍ ആശുപത്രിയിലെത്തി.
ഇതിനിടെ വിവരമറിഞ്ഞ് സ്ഥാപനത്തിലെ സഹപ്രവര്ത്തകന് രാജീവ് ആര് രാജും ആശുപത്രിയിലെത്തി. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്ത ജിബിനെയും ശ്രീജയെയും രാജീവിന്റെ കാറില്‍ അവിടേക്കു കൊണ്ടുപോയപ്പോഴും ‘സഹായി’ ഒപ്പം ഉണ്ടായിരുന്നു. രാജീവും ജിബിന്റെ സഹോദരന് ജോബിനും തിരുവല്ലയിലെ ആശുപത്രിയില്‍ എത്തിയെങ്കിലും കൊവിഡ് മാനദണ്ഡങ്ങള്‍ മൂലം ‘സഹായിയെ’ മാത്രമാണ് അധികൃതര്‍ ഒപ്പം നിര്‍ത്തിയത്.
എക്സ്റേ എടുക്കുന്നതിനു മുന്‍പു കഴുത്തില്‍ കിടന്ന 3 പവന് തൂക്കമുള്ള സ്വര്‍ണമാലയും ശ്രീജയുടെ മൊബൈല്‍ഫോണും സഹായി ഏറ്റുവാങ്ങി. 12 മണി ആയപ്പോഴേക്കും തിരികെ മടങ്ങണമെന്ന് ആവശ്യപ്പെട്ട ഇയാളെ രാജീവ് ആണ് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
എന്നാല്‍ പരുക്കേറ്റവരുടെ മാലയും ഫോണും കൈക്കലാക്കിയ വിവരം രാജീവ് അറിഞ്ഞിരുന്നില്ല. പിന്നീട് ജിബിന്‍ പറയുമ്പോഴാണ് തട്ടിപ്പ് നടന്നതായി അറിയുന്നത്. അനന്തു എന്നാണ് പേരെന്നും ആറന്മുളയില് ടിപ്പര്‍ ലോറി ഓടിക്കുകയാണെന്നുമാണ് യുവാവ് പറഞ്ഞത്. ഇയാളെ കണ്ടെത്താനായി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ജിബിന്‍.