മാവേലിക്കര: കൂലിപ്പണിക്കാരനെ തേടിയെത്തി ഭാഗ്യദേവത. ഭരണിക്കാവ് തെക്കേമങ്കുഴി മുറാശ്ശേരില്‍ തെക്കതില്‍ ചന്ദ്രനെ (56)യാണ് ഭാഗ്യദേവത കടാക്ഷിച്ചത്. സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കളാഴ്ചത്തെ നറുക്കെടുപ്പായ വിന് വിന് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം ആണ് ചന്ദ്രന് സ്വന്തമായത്.
രാവിലെ സ്ളാബ് മതിലിന്റെ പണിക്കുപോയതായിരുന്നു ചന്ദ്രന്. പോകുന്ന വഴിയില്‍ വെച്ച് ഓച്ചിറയുള്ള ശ്രീറാം ലക്കി സെന്ററില്‍ നിന്ന് ഡബ്ല്യു.ബി 245714 നമ്പര്‍ ടിക്കറ്റെടുത്തു. പണി കഴിഞ്ഞ് മടങ്ങുന്നതിനിടെ മറ്റൊരിടത്തു നിന്ന് ഇന്നത്തെ ഒരു ടിക്കറ്റെടുക്കാന്‍ തീരുമാനിച്ചു. അവിടെ ചെന്നപ്പോഴാണ് വിന് വിന് അടിച്ചത് ആലപ്പുഴയിലാണെന്ന് അറിഞ്ഞത്.
വെറുതേ പരിശോധിച്ചപ്പോള്‍ ചന്ദ്രന് ഞെട്ടി, ഒന്നാം സമ്മാനം തനിക്കാണെന്ന് ചന്ദ്രന് വിശ്വസിക്കാനായില്ല. ഇത്രയും ഭാരിച്ച തുക പോക്കറ്റിലിട്ടാല്ലോ പണിക്കിറങ്ങിയത് എന്നോര്‍ത്തപ്പോള്‍ വീണ്ടും ഞെട്ടി.സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ചന്ദ്രന് മുമ്പ് ചെറിയ തുകകള്‍ ലഭിച്ചിട്ടുണ്ട്. ഒന്നാം സമ്മാന സന്തോഷം വീട്ടുകാരുമായി പങ്കുവച്ച ശേഷം ടിക്കറ്റ് ഭരണിക്കാവ് സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു.
മക്കളുടെ വിദ്യാഭ്യാസത്തിനും ഭാവികാര്യങ്ങള്‍ക്കുമായി പണം ചെലവഴിക്കാനാണ് ചന്ദ്രന്റെ തീരുമാനം. ഭാര്യ: ശ്രീല. മക്കള്‍: വിഷ്ണു (പോളിടെക്നിക്), വീണ (ബികോം ഒന്നാം വര്‍ഷം).