മുഹമ്മ: കേരളം തെരഞ്ഞെടുപ്പ് ചൂടില്‍ എത്തിയിരിക്കുകയാണ്. എല്ലാ പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണവും കൊഴുപ്പിക്കുകയാണ്. ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും തെരഞ്ഞെടുപ്പ് പ്രചാരണം.
തെരഞ്ഞെടുപ്പില്‍ ചുവരെഴുത്തുകള്‍ക്ക് അന്നും ഇന്നും വലിയ സ്ഥാനം തന്നെയാണുള്ളത്. ചുവരെഴുത്തിലെ ചില വ്യത്യസ്ത കാഴ്ചകള്‍ തെരഞ്ഞെടുപ്പില്‍ ശ്രദ്ദേയമാകുന്നുണ്ട്. കായിപ്പുറത്തിനു സമീപം, ഒരു മതിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ചുമരെഴുത്തുണ്ട്.
ചുവരെഴുത്തിന് മാത്രമല്ല ഈ ചുമരെഴുതുന്നയാള്ക്കും പ്രത്യേകതയുണ്ട്- മുഹമ്മ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി മര്‍ഫി മറ്റത്തിലാണ് ചുമരെഴുത്തുകാരന്‍. ഇത്തവണ പഞ്ചായത്തിലേക്കു മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചപ്പോഴും സ്വന്തം തൊഴിലില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താല്പര്യമില്ലെന്ന നിലപാടിലാണ് മര്‍ഫി.
വര്‍ഷങ്ങളായി തുടരുന്ന തൊഴിലാണിത്. അച്ഛന് പരേതനായ മണി ആശാനാണ് ഇക്കാര്യത്തില്‍ ‘ഗുരു’. മണി ആന്‍ഡ് കമ്പനി എന്ന പേരില്‍ മുഹമ്മ ജംക്ഷനു സമീപം ഗ്രാഫിക് ഡിസൈനിങ് സ്ഥാപനവും മര്‍ഫി നടത്തുന്നുണ്ട്. ഇത്തവണ മുഹമ്മ, മണ്ണഞ്ചേരി, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം പഞ്ചായത്തുകളിലായി വിവിധ രാഷ്ട്രീയ കക്ഷികള്‍ക്കും സ്വതന്ത്രര്‍ക്കുമായി ചുമരെഴുത്ത് നടത്തിക്കഴിഞ്ഞു. ഇതിനിടയില്‍ സ്വന്തം ചുമരെഴുത്ത് ഇതുവരെ പൂര്‍ത്തിയായില്ലെന്ന് മര്‍ഫി!