നിലമ്പൂർ: പറക്കാനാകാതെ അവശതയിൽ കാണപ്പെട്ട വേഴാമ്പലിനെ രക്ഷപ്പെടുത്തി വനത്തിലേക്ക് അയച്ച് അഗ്നിരക്ഷാസേന. പറക്കാനാവാതെ പുരയിടത്തിൽ കണ്ടെത്തിയ വേഴാമ്പലിനെ സിവിൽ ഡിഫൻസ് വൊളന്റിയർമാരാണ് രക്ഷപ്പെടുത്തിയത്. ഇന്ത്യയിൽ പ്രധാനമായും കാണപ്പെടുന്ന ‘കോഴി വേഴാമ്പൽ’ (മലബാർ ഗ്രേ ഹോൺബിൽ) എന്ന വിഭാഗത്തിൽ അറിയപ്പെടുന്ന ചാരനിറത്തിലുള്ളതാണ് ഈ വേഴാമ്പൽ. രക്ഷപ്പെടുത്തിയ വേഴാമ്പലിനെ ഫോറസ്റ്റ് ദ്രുതകർമസേനയ്ക്ക് കൈമാറി.
എടവണ്ണ കുണ്ടുതോട് ചളിപ്പാടം റോഡിൽ അമ്മനിക്കാടൻ ശ്രീജിത്തിന്റെ വീട്ടിൽ വെച്ചാണ് ചൊവ്വാഴ്ച വേഴാമ്പലിനെ കണ്ടെത്തിയത്. രാവിലെ പറക്കാൻ കഴിയാത്ത നിലയിൽ വേഴാമ്പലിനെ കണ്ടതോടെ വീട്ടുകാർ നൽകിയ അഗ്നിരക്ഷാസേനയെ വിളിച്ച് അറിയിക്കുകയായിരുന്നു.
തുടർന്ന് അഗ്നിരക്ഷാസേന നിലമ്പൂർ യൂണിറ്റിലെ സിവിൽ ഡിഫൻസ് അംഗങ്ങളായ ഷഹബാൻ കേഹത്ത്, ടിപി ആഷിഖ് എന്നിവർ സ്ഥലത്തെത്തി വേഴാമ്പലിനെ പിടികൂടി. പ്രാഥമിക പരിശോധനയിൽ പരിക്കുകൾ ഒന്നും കണ്ടെത്താനായില്ല. പക്ഷെ, വേഴാമ്പലിന് പറക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.