പാമ്പിനെ ഓടിക്കാന്‍ വീടിനുള്ളില്‍ പുകയിട്ട വീട്ടുടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ഏകദേശം 10,000 ചതുരശ്ര അടിയുള്ള വീടിന് മുഴുവന്‍ തീപിടിച്ചു. അമേരിക്കയിലെ മേരിലാന്‍ഡിലെ ഡിക്കേഴ്സണിലാണ് എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന വാക്കുകള്‍ അക്ഷരം പ്രതി ഓര്‍മ്മിപ്പിക്കുന്ന സംഭവം.
1.8 മില്യണ്‍ ഡോളര്‍ വിലയ്ക്ക് വാങ്ങിയ വീടായിരുന്നു കത്തിനശിച്ചത്. നവംബര്‍ 23 നാണ് സംഭവം നടന്നത്. വീട്ടില്‍ ഇടയ്ക്കിടെ പാമ്പ് വരാറുണ്ടായിരുന്നു. മറ്റ് വഴികളില്ലാതെ ഇവയെ ഓടിക്കാന്‍ വീടിനുള്ളില്‍ പുകയിട്ടതായിരുന്നു വീട്ടുടമ. പുകയ്ക്കാനായി കല്‍ക്കരിയായിരുന്നു ഉപയോഗിച്ചത്. പക്ഷെ ഇവ തീ പടരുന്ന വസ്തുക്കളോട് വളരെ അടുത്തായിരുന്നു വെച്ചത്.
Also Read: ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 73കാരി മരിച്ച നിലയില്‍, മുറിയിലെ അലമാരയില്‍ 1,67,620 രൂപ
കല്‍ക്കരി ചൂടായി ഈ വസ്തുക്കളിലേക്ക് തീ പടരുകയും വീട്ടിനാകെ തീപിടിക്കുകയുമായിരുന്നു. ബേസ്മന്റില് പിടിച്ച തീ മറ്റ് നിലകളിലേക്കും പടര്‍ന്നു. ഭാഗ്യവശാല്‍ തീപടരുന്ന സമയത്ത് വീട്ടുടമ വീട്ടിലുണ്ടായിരുന്നു. പുക വെച്ച് ഇദ്ദേഹം പുറത്തേക്ക് പോയിരുന്നു.
രാത്രി വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട അയല്‍ക്കാരനാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്മെന്റിനെ വിളിച്ച് വിവരമറിയിച്ചത്. അപ്പോള്‍ തന്നെ ഫയര്‍ റെസ്ക്യൂ സംഘം സ്ഥലത്തെത്തുകയും തീയണക്കാന്‍ തുടങ്ങുകയും ചെയ്തു. കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തകര്‍ ഒരു വിധേന തീയണച്ചു. എന്നാല്‍ പിറ്റേന്ന് രാവിലെയോടെയാണ് തീ പൂര്‍ണമായും കെട്ടടങ്ങിയത്.