തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷന് തിയ്യറ്ററിലെ സീലിങ് തകര്‍ന്നു വീണു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം.
തിയറ്റര്‍ സി-യില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വൃത്തിയാക്കുന്ന ഭാഗത്തെ സീലിങാണ് പൊളിഞ്ഞ് വീണത്. ഈ സമയം എല്ലാ ടേബിളുകളിലും ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ടായിരുന്നു. സീലിങ് തകര്‍ന്നു വീണ ശബ്ദം കേട്ട് നഴ്സുമാരും ഡോക്ടര്‍മാരും ഓടിയെത്തി. പൊളിഞ്ഞു വീണ ഭാഗത്ത് ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.
സീലിങ് പൂര്‍ണമായി ദ്രവിച്ച നിലയിലാണ്. അപകട സാധ്യത നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് ഒരു വിഭാഗം ജീവനക്കാരുടെ പ്രതികരണം. സ്ഥലം പരിശോധിച്ച അധികൃതര്‍ ഇന്നു തന്നെ അറ്റകുറ്റപ്പണി നടത്താന്‍ സംവിധാനം ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, സീലിങ് പണി നടത്തിയ എന്‍ജിനീയറോട് വിശദീകരണം ചോദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്നു മാസം അടച്ചിട്ട ശേഷം രണ്ടാഴ്ച മുന്‍പാണ് തിയറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്.