റാന്നി: അമ്മയ്ക്കും സഹോദരനുമൊപ്പം അച്ഛന് വോട്ടുതേടിയിറങ്ങിയ രണ്ടാംക്ലാസുകാരിയുടെ വോട്ടഭ്യർത്ഥന നാട്ടുകാരിൽ കൗതുകമുണർത്തുന്നു. ‘ഒരു വോട്ട് എന്റെ അച്ഛന് നൽകണേ… അച്ഛന്റെ പേര് പ്രമോദ് നാരായണൻ, ചിഹ്നം രണ്ടില.
പ്രമോദ് നാരായണന്റെ മകൾ പ്രാർഥനാ നാരായണനാണ് ജ്യേഷ്ഠൻ ഒൻപതാം ക്ലാസുകാരൻ പ്രണവിനും അമ്മ ജ്യോതി ബാലകൃഷ്ണനുമൊപ്പം അച്ഛന് വോട്ടുതേടി റാന്നിയിലെത്തിയത്. പെരുമ്പുഴയിലായിരുന്നു ആദ്യമെത്തിയത്. ചാലാപ്പള്ളിയിൽ എത്തിയപ്പോൾ അച്ഛനൊപ്പമാണ് വോട്ടഭ്യർത്ഥന നടത്തിയത്.
അച്ഛനെപ്പോലെ പ്രഭാഷണത്തിൽ താത്പര്യമുണ്ടോ പഠനത്തിൽ മിടുക്കനാണോ തുടങ്ങിയ ചോദ്യങ്ങളുമായാണ് പലരുമെത്തിയത്. കുടുംബസമേതം വോട്ടർമാരെ കണ്ടപ്പോൾ പ്രചാരണത്തിന് പ്രവർത്തകർക്കും ആവേശമായി. നാട്ടുകരും ഇവരെ ഏറെ കൗതുകത്തോടെയായിരുന്നു സ്വീകരിച്ചത്.