പന്തളം: തെരഞ്ഞെടുപ്പ് അടുത്താല്‍ പിന്നെ ഓമനക്കുട്ടന് എല്ലാം മറന്നു പണിചെയ്യും. മൂകനും ബധിരനുമാണെങ്കിലും സഖാവ് ഓമനക്കുട്ടനു തെരഞ്ഞെടുപ്പ് കാലം തിരക്കുകള്‍ക്കിടയിലാണ്. രാവിലെ കൃത്യ സമയത്ത് തന്നെ പറയുന്ന സ്ഥലത്തെത്തും. പോസ്റ്റര്‍ ഒട്ടിക്കാനും മറ്റ് പ്രചാരണത്തിനുമൊക്കെ എല്ലാവര്‍ക്കുമൊപ്പം ഓമനക്കുട്ടനും തയ്യാറാണ്.
കുരമ്പാല വടശേരിക്കുന്നില് സാവിത്രിക്കുഞ്ഞമ്മയുടെ മകനാണ് ഓമനക്കുട്ടന്. സാധാരണയായി അറിയാവുന്ന എല്ലാ ജോലികള്‍ക്കും പോകുന്നതാണ് പതിവ്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ മറ്റ് ജോലികള്‍ക്ക് അവധി നല്‍കും പിന്നെ ഇലക്ഷന് കഴിയുന്നതുവരെ അതുതന്നെ പണി. സമയനിഷ്ഠയും ജോലിയിലെ കൃത്യതയുമാണ് ഓമനക്കുട്ടനെ കുരമ്പാലക്കാര്ക്ക് പ്രിയങ്കരനാക്കുന്നത്.
ഏറെക്കാലമായി സിപിഎം ഇടത്തറ ബ്രാഞ്ചില്‍ അംഗമാണ് ഓമനക്കുട്ടന്. കൊവിഡ് കാലമായതിനാല്‍ സാനിറ്റൈസറും കൃത്യമായി മാസ്കും ധരിച്ചാണ് പുറത്തിറങ്ങുക. 48-ാം വയസ്സിലും പാര്‍ട്ടിയെ നെഞ്ചേറ്റിയാണ് ജീവിതം. പൊതുവെ ശാന്തസ്വഭാവക്കാരനെങ്കിലും പാര്‍ട്ടിയെ കുറ്റം പറഞ്ഞാല്‍ പിണങ്ങുന്നതാണ് പ്രകൃതം.