കോഴഞ്ചേരി: കടകളും വീടുകളും കയറിയിറങ്ങി വോട്ട് തേടി ആറന്മുളയില് പ്രചാരണം പൊടിപൊടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്. ആറന്മുള പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു ഇന്ന് വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. കിടങ്ങന്നൂര്‍ മാര്‍ക്കറ്റില്‍ നിന്നാണ് പ്രചാരണം ആരംഭിച്ചത്.
വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചായിരുന്നു പ്രചാരണം. കടകളും വീടുകളും കയറി വോട്ടര്‍മാരെ കണ്ടു വോട്ട് തേടി. നീര്‍വിളാകം പാടശേഖരത്തില്‍ കൊയ്ത്ത് നടത്തുകയായിരുന്ന തൊഴിലാളികള്‍ സ്ഥാനാര്‍ത്ഥിയെ ഏറെ സ്നേഹത്തോടെ സ്വീകരിച്ചു.
തുടര്‍ന്ന് വിത്തിറക്കിയ സമയത്തെ ഓര്‍മ്മകള്‍ പങ്കിട്ടു. തരിശായി കിടന്നിരുന്ന ഇവിടെ നാല് വര്‍ഷം മുമ്പാണ് കൃഷി ആരംഭിച്ചത്. നല്ല വിളവ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കര്‍ഷകര്‍. പാടത്തേക്ക് വെള്ളം എത്തിക്കുന്ന തോട് വൃത്തിയാക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളെയും കണ്ടു.
അതേസമയം, തിരുവമ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലിന്റോ ജോസഫ് തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമി സന്ദര്‍ശിച്ചു. 2005-07 കാലത്ത് ഈ ട്രാക്കില്‍ 1500, 3000 മീറ്റര്‍ താരമായിരുന്നു ലിന്റോ. ലിന്റോയുടെ കോച്ചായിരുന്ന സത്യന് ഇപ്പോഴുമുണ്ടിവിടെ. അന്ന് ലിന്റോയ്ക്കൊപ്പമുണ്ടായിരുന്ന താരം ധനൂപ് ഗോപി ഇപ്പോള്‍ അക്കാദമിയുടെ കോച്ചാണ്. ലിന്റോയുടെ സഹോദരി ലിന്റുവും 100 മീറ്റര്‍ താരമായിരുന്നു.