പ്രക്കാനം: വേനല്‍ച്ചൂടില്‍ വാടിത്തളരുന്ന വഴിയാത്രക്കാര്‍ക്കും അയല്‍വാസികള്‍ക്കും ശുദ്ധജലം സൗജന്യമായി നല്കി നാടിന് മാതൃകയായി മുന്‍ പ്രവാസി. പ്രക്കാനം പൗവ്വക്കര വീട്ടില്‍ രാജു തോമസാണ് വരണ്ടുണങ്ങുന്ന നാടിന് ശുദ്ധജലം നല്കി ആശ്വാസമാകുന്നത്.
തന്റെ വീടിനോട് ചേര്‍ന്നുള്ള റോഡിന്റെ അരികിലായി വഴിയാത്രക്കാര്‍ക്കും അയല്‍വാസികള്‍ക്കും ഉപയോഗിക്കാനായി ജലസംഭരണിയും ശുദ്ധജലവും സൗജന്യമായാണ് ഇദ്ദേഹം നല്‍കുന്നത്. ആര്‍ക്കും ഏതു സമയത്തും ഇതില്‍ നിന്ന് വെള്ളം ശേഖരിക്കാം. പ്രധാന ടാങ്കിനുള്ളില്‍ ഫ്ലോട്ടിങ് വാല്‍വ് ഘടിപ്പിച്ചിരിക്കുന്നതിനാല്‍ വെള്ളം തീരുന്ന മുറയ്ക്ക് മോട്ടര്‍ തനിയെ പ്രവര്‍ത്തിച്ച് ടാങ്ക് നിറയും.
ദീര്‍ഘനാളത്തെ തന്റെ ഗള്‍ഫ് വാസത്തിനിടയില്‍ അറബികള്‍ തങ്ങളുടെ വീടുകളില്‍ സ്ഥാപിച്ചിരിക്കുന്ന പൊതുടാപ്പില്‍ നിന്ന് വഴിയാത്രക്കാര്‍ക്കു ദാഹജലം നല്കുന്നതു കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് മനസ്സിലുദിച്ച ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമായി സ്വന്തം വീടിനു മുന്നില്‍ ഇദ്ദേഹം ടാങ്കും പൊതുടാപ്പും സ്ഥാപിച്ചത്.
സമ്പാദ്യവുമായി നാട്ടില്‍ തിരികെയെത്തിയാല്‍ തുടര്‍ ജീവിതം സമൂഹത്തിനു പ്രയോജനപ്പെടും വിധം ക്രിയാത്മകമായ ഉപയോഗിക്കണമെന്ന പക്ഷക്കാരനായ രാജു തന്റെ പ്രവൃത്തി മറ്റുള്ളവര്‍ക്കു പ്രചോദനമായി മാറുമെന്നു കരുതുന്നു.
പ്രവാസജീവിതത്തിനു ശേഷം കൃഷിയിലേക്ക് തിരിഞ്ഞ രാജു കുടുംബത്തിനാവശ്യമായ പച്ചക്കറിയും പാലും മുട്ടയുമെല്ലാം ഇപ്പോള്‍ സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുകയാണ്. റാസല്‍ഖൈമ ഗവ. ഹോസ്പിറ്റലില്‍ നിന്ന് നഴ്സിങ് സൂപ്രണ്ടായി വിരമിച്ച ഭാര്യ മേരിക്കുട്ടി പിന്തുണയുമായി ഒപ്പമുണ്ട്.