കൂടല്‍: ആത്മഹത്യാ ഭീഷണി മുഴക്കി പ്ലാവില്‍ കയറിയ യുവാവ് അഗ്നിരക്ഷാ സേനയെ കണ്ട് മരത്തില്‍ നിന്ന് ഇറങ്ങിയോടി. നെല്ലിമുരുപ്പ് ഇടപ്പുരയില്‍ ജിഷ്ണു(24)വാണ് ആത്മഹത്യാ ഭീഷണി മുഴക്കി മരത്തില്‍ കയറിയത്. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം.
വിവരമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തിയെങ്കിലും ജിഷ്ണു മരത്തില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കോന്നിയില്‍ നിന്ന് അഗ്നിരക്ഷാ സേനയെ വരുത്തുകയായിരുന്നു. ഏഴരയോടെ സേനയുടെ വാഹനം എത്തുന്നത് കണ്ട് യുവാവ് മരത്തില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
ഏറെ നേരം അധികൃതരെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയ യുവാവ് ലഹരിയുടെ പിടിയിലാണ് ഇത് ചെയ്തതെന്ന് പോലീസ് പറഞ്ഞു. മുന്‍പും ഇത്തരം സംഭവം ഉണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു.
അതേസമയം, മണര്‍കാട് കഴിഞ്ഞ ദിവസം തെങ്ങില്‍ തല കീഴായി കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തേങ്ങ ഇടുന്നതിനിടെ കൈവിട്ടു യന്ത്രത്തില്‍ തല കീഴായി തൂങ്ങിക്കിടന്ന തൊഴിലാളിയെയാണ് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. പൂതിരി സ്വദേശി തമ്പാനാണ് (55)അപകടത്തില്‍ പെട്ടത്.
തെക്കേക്കുഴി വര്‍ഗീസിന്റെ പുരയിടത്തില്‍ തേങ്ങ ഇടുന്നതിനായി യന്ത്രം ഉപയോഗിച്ചാണ് തമ്പാന് കയറിയത്. തേങ്ങ വെട്ടിയിടുന്നതിനിടെ കൈവിട്ടു താഴേക്കു തൂങ്ങി. നിലവിളി കേട്ടു പരിസരവാസികള്‍ ഓടിയെത്തി. പഞ്ചായത്ത് അംഗം മറിയാമ്മ തോമസ് തടത്തിമാക്കലിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. സേനയും പോലീസും നാട്ടുകാരും ഉടന്‍ സ്ഥലത്തെത്തി. തെങ്ങില്‍ കയറിയ ശേഷം വലയില്‍ കെട്ടി തമ്പാനെ സുരക്ഷിതമായി നിലത്ത് എത്തിക്കുകയായിരുന്നു.