നെന്മാറ: ഒരു മാസത്തിനുള്ളില്‍ നെന്മാറയില് പിറന്നത് ഒരു കോടീശ്വരനും ഒരു ലക്ഷപ്രഭുവുമാണ്. ഈയിടെയായി ഭാഗ്യദേവത നെന്മാറക്കാരെ ലക്ഷ്യമിട്ട് കടാക്ഷിക്കുന്നതാണോ എന്ന് തോന്നിപ്പോകും. എന്നാല്‍ തോന്നലല്ല സംഭവം ഏറെക്കുറെ സത്യമാണ്. അടുത്തകാലത്തായി ഭാഗ്യദേവത മാടി വിളിക്കുമ്പോള്‍ ആ വിളി ആദ്യം കേള്‍ക്കുന്നതു നെന്മാറക്കാരാണ്.
കഴിഞ്ഞ മാസം 22നാണ് നെന്മാറയിലെ സുബ്ബലക്ഷ്മി ലോട്ടറി ഏജന്‍സി വഴി വിറ്റ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ചാത്തമംഗലം വടക്കേവീട്ടില്‍ വി ശിവദാസനെ തേടിയെത്തിയത്. ആ സന്തോഷത്തിന്റെ ആഘോഷം തീരും മുന്‍പേ ഇതാ എന്‍എംകെ സൂപ്പര്‍ ഏജന്‍സീസ് വഴി വിറ്റ ഭാഗ്യമിത്ര ടിക്കറ്റിലൂടെ ഒരു കോടി രൂപയും നെന്മാറയിലേക്കു തന്നെ എത്തി.
ഇത്തവണ ഭാഗ്യം തുണച്ചതു കയറാടി പട്ടുകാട് പരേതനായ കുഞ്ചുവിന്റെ മകന് മണിയെ അണ്. ഭാഗ്യദേവതയ്ക്കു നെന്മാറക്കാരോടു മാത്രം ഇത്ര സ്നേഹമെന്താ എന്നു കരുതേണ്ട. നെന്മാറയില് വന്നു ലോട്ടറിയെടുത്താല്‍ ഭാഗ്യം കൂടെപ്പോരും എന്നു കരുതി വണ്ടിപിടിച്ചു ലോട്ടറിയെടുക്കാന്‍ വരുന്നവരും കുറവല്ല.
നെന്മാറ ടൗണില്‍ മാത്രം 3 പ്രധാന ലോട്ടറി ഏജന്‍സികളും അവരില്‍ നിന്നു ലോട്ടറി വാങ്ങി വില്പന നടത്തുന്ന ആയിരക്കണക്കിനു ലോട്ടറി വില്പനക്കാരുമുണ്ട്. കൊവിഡ് കാലത്തു ലോട്ടറി വില്പന സ്തംഭിച്ചപ്പോള്‍ അവര്‍ നേരിട്ട പ്രയാസങ്ങള്‍ ചെറുതല്ല. വില്പന പുനരാരംഭിച്ചപ്പോഴും പഴയ നിലയിലേക്കു വില്പന എത്തുമോ എന്ന ആശങ്കയുമുണ്ടായി. എന്നാല്‍ ഇത്തരം ചില ബമ്പറുകളാണ് ഇപ്പോള്‍ ഇവരെ മുന്നോട്ടു നയിക്കുന്നത്.