പാലക്കാട്: സ്വകാര്യ ബസ്സുകളുടെ അമിത വേഗത ചോദ്യം ചെയ്ത് സ്കൂട്ടര്‍ യാത്രക്കാരി രംഗത്തെത്തിയതിന് പിന്നാലെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാന്‍ സ്പെഷ്യല്‍ ഡ്രൈവുമായാണ് മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്.
ഈ റൂട്ടിലെ വിവിധയിടങ്ങളില്‍ ഇന്ന് മുതല്‍ 7 ദിവസം പരിശോധന നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു. നിയമം ലംഘിക്കുന്ന ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഗുരുവായൂരിലേക്കുള്ള രാജപ്രഭ ബസിന്റെ അമിത വേഗതയെയാണ് ചാലിശ്ശേരിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയായ പെണ്‍കുട്ടി ചോദ്യം ചെയ്തത്.
സെപ്തംബര്‍ 6ന് രാവിലെയായിരുന്നു സംഭവം. ഈ വാര്‍ത്ത വൈറലായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. പെരുമണ്ണൂര്‍ സ്വദേശി സാന്ദ്രയാണ് കൂറ്റനാടിന് സമീപം മരണയോട്ടം നടത്തിയ ബസ് തടഞ്ഞുവെച്ച് ചോദ്യം ചെയ്തത്. സാന്ദ്ര റോഡിലൂടെ പോകുമ്പോള്‍ പുറകില്‍ നിന്ന് വന്ന ബസ് ഇടിച്ചു, ഇടിച്ചില്ല എന്ന മട്ടില്‍ കടന്നു പോകുകയായിരുന്നു.
ബസ്സിനെ ഒന്നര കിലോമീറ്ററോളം പിന്തുടര്ന്ന് സാന്ദ്ര ബസിനെ മറികടന്ന് തടഞ്ഞിടുകയായിരുന്നു. ഇതിന് പിന്നാലെ സാന്ദ്രയുടെ ധീരതയെ അഭിനന്ദിച്ച് പലരും രംഗത്തെത്തിയിരുന്നു.