പട്ടാമ്പി: നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വല്ലപ്പുഴ ചെറുകോട് കാറളക്കാട്ടില് രാജഗോപാലന്‍ (50), ചൂരക്കോട് ചേരിക്കല്ല് പറക്കുന്നത്ത് സുരേഷ് കുമാറിന്റെ ഭാര്യ ഷജിമോള്‍ (42) എന്നിവരാണു മരിച്ചത്.
ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഓട്ടോയില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. ചെര്‍പ്പുളശ്ശേരി- പട്ടാമ്പി റോഡില്‍ കരിമ്പുള്ളി ഇറക്കത്തിലായിരുന്നു അപകടം.
സാരമായി പരുക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ കിഴായൂര്‍ പുല്ലാനിയില്‍ അബ്ദുല്‍ റഷീദ് (47) പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. മറ്റൊരു യാത്രക്കാരി വല്ലപ്പുഴ പഞ്ചായത്ത് പടി പ്രിയങ്കയും (28) ചികിത്സയില്‍ കഴിയുകയാണ്.
ഇന്നലെ രാവിലെ 10നായിരുന്നു അപകടം. വല്ലപ്പുഴ ഭാഗത്തുനിന്നു പട്ടാമ്പിയിലേക്കു വന്ന ഓട്ടോറിക്ഷയില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്. നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴായിരുന്നു അപകടമെന്നു പൊലീസ് അറിയിച്ചു.
പട്ടാമ്പിയില്‍നിന്നു ചെര്‍പ്പുളശ്ശേരിയിലേക്കു വരികയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. മരിച്ച രാജഗോപാലന്റെ ഭാര്യ. മിനി. മക്കള്‍: ജിഷ്ണു രാജ്, ജിതിന് രാജ്, ജിനിഷ. ഷജിമോളുടെ മക്കള്‍: സ്നേഹ, പ്രണവ്.