അങ്ങാടിപ്പുറം: കൂലിപ്പണിക്കാരനായ മൂര്‍ത്തിയുടെ വാടക വീട്ടിലേക്ക് ഇത്തവണ വിഷുക്കൈനീട്ടമായി എത്തിയത് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ. അങ്ങാടിപ്പുറം സ്വദേശി മൂര്‍ത്തിയെയാണ് ഇത്തവണ കേരളസര്‍ക്കാരിന്റെ ഭാഗ്യദേവത കടാക്ഷിച്ചത്
പഴനി സ്വദേശിയായ മൂര്‍ത്തി 29 വര്‍ഷമായി അങ്ങാടിപ്പുറത്തെത്തിയിട്ട്. അന്നു മുതല്‍ പലയിടങ്ങളിലായി വാടക ക്വാര്‍ട്ടേഴ്സുകളിലാണ് താമസിക്കുന്നത്. 12 വര്‍ഷമായി അങ്ങാടിപ്പുറം പഞ്ചായത്ത് പരിസരത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസം.
കേരളത്തിലെത്തി പലവിധ ബിസിനസുകള്‍ നടത്തിയെങ്കിലും അതിലൊന്നും വിജയിക്കാനായില്ല. സാമ്പത്തികമായി ഏറെ തകര്‍ന്ന മൂര്‍ത്തി ഏറെക്കാലം തിരൂര്‍ക്കാട്ടെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഇതെല്ലാം വിട്ട് കൂലിപ്പണിയെടുത്താണ് ഇപ്പോള്‍ കുടുംബം നോക്കുന്നത്.
പരിചയക്കാരനായ ലോട്ടറി വില്പനക്കാരന് കഷ്പ്പാടുകളെല്ലാം മാറ്റാനായി ഒന്നാം സമ്മാനം ലഭിക്കുമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചപ്പോഴാണ് ഇത്തവണ ലോട്ടറി ടിക്കറ്റ് എടുത്തത്. അല്ലാതെ സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല മൂര്‍ത്തി.
ജീവിതത്തില്‍ തങ്ങള്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും അതുകണ്ട് ഈശ്വരന് കനിഞ്ഞു നല്കിയ അനുഗ്രഹമാണ് ലോട്ടറി സമ്മാനമെന്നാണ് മൂര്‍ത്തി പറയുന്നത്. തന്റെ കൂലിപ്പണി ഒഴിവാക്കാതെ മുന്നോട്ടു പോകാനാണ് മൂര്‍ത്തിയുടെ തീരുമാനം.
സ്വന്തമായി ഒരു വീടാണ് മൂര്‍ത്തിയുടെ ഏറ്റവും വലിയ ആഗ്രഹം. അതോടൊപ്പം മക്കളുടെ പഠനവും സുരക്ഷിതമാക്കണം. അങ്ങാടിപ്പുറം സ്വദേശിനിയായ സീമയും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പൂജാലക്ഷ്മി, രണ്ടാം ക്ലാസില്‍ പഠിക്കുന്ന സിദ്ധാര്‍ഥ് എന്നിവര്‍ അടങ്ങുന്നതാണ് മൂര്‍ത്തിയുടെ കുടുംബം.