ഇടുക്കി: കൊടുംക്രൂരതയ്ക്ക് ഇരയായ ആ ജീവന് ഇനി ഇല്ല. വടികൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തില്‍ കുരുക്കിട്ട് കെട്ടിവലിച്ച തെരുവുനായ ചത്തു. കഴിഞ്ഞ ദിവസം കട്ടപ്പന കൈരളി ജംഗ്ഷനിലായിരുന്നു സംഭവം.
സംഭവത്തില്‍ കൈരളി ജംഗ്ഷന് മാണ്ടിയില്‍ ഷാബുവിനെ (51) കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രൂരമായി ഉപദ്രവിക്കപ്പെട്ട നായയെ രണ്ടു പേര് സംരക്ഷണത്തിനായി ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ നായ ചത്തു.
ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് നായയെ ഷാബു കെട്ടിവലിച്ചത്. നായയെ വലിച്ചിഴച്ചു കൊണ്ടു വരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. ക്രൂരമായ ദൃശ്യം കണ്ട് നാട്ടുകാര്‍ ബഹളം വെച്ചെങ്കിലും നായയെ വിടാന്‍ ഷാബു കൂട്ടാക്കിയില്ല. ഇതോടെ സിദ്ധാര്‍ഥ് എന്ന യുവാവ് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്.
തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനുസരിച്ച് കട്ടപ്പന പോലീസ് സ്ഥലത്തെത്തി. ഷാബുവിനെ അറസ്റ്റ് ചെയ്തു പോലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു. 20 മീറ്ററോളം വലിച്ചിഴച്ച നായയുടെ ശരീരത്തില്‍ പരിക്കുകളേറ്റിരുന്നു. നായയുടെ പോസ്റ്റുമോര്‍ട്ടം നാളെ നടക്കും.