കാഞ്ഞാര്‍: ഇടുക്കിയില്‍ വിവാഹച്ചടങ്ങളില്‍ പങ്കെടുക്കാനെത്തിയ യുവാക്കള്‍ മലങ്കര ജലാശയത്തില്‍ മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി ജാസ്മിന് മന്‍സിലില്‍ റജിമോന്റെ (കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ) മകന് ഫിര്‍ദൗസ് (20), ചങ്ങനാശേരി വണ്ടിപ്പേട്ട അറയ്ക്കല്‍ ഷാബുജാസ്മിന് ദമ്പതികളുടെ മകന് അമല്‍ ഷാബു (23) എന്നിവരാണ് മരിച്ചത്.
ഇരവരും ബന്ധുക്കളാണ്. റജിമോന്റെ സഹോദരി പുത്രനാണ് അമല്‍ ഷാബു. കാഞ്ഞാര്‍ പാലത്തിനു സമീപം ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം.ഫ ിര്ദൗസിന്റെ കുടുംബ സുഹൃത്തായ കാഞ്ഞാര്‍ കുന്നുംപുറത്ത് സലീമിന്റെ മകള്‍ ആഷ്മിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.
ഇന്നലെ ഉച്ചയ്ക്ക് ശേഷം സുഹൃത്തുക്കളോടൊപ്പം കല്യാണ വീടിനു സമീപമുള്ള മലങ്കര ജലാശയം കാണാന്‍ പോയപ്പോഴാണ് അപകടം. ജലാശയത്തില്‍ കാല് കഴുകാനായി ഇറങ്ങിയ ഫിര്‍ദൗസ് കാലുതെറ്റി വെള്ളത്തില്‍ വീണു. മുങ്ങിത്താണ ഫിര്‍ദൗസിനെ രക്ഷിക്കാനായി അമന് പിന്നാലെ ചാടിയെങ്കിലും ചുഴിയില്‍ പെടുകയായിരുന്നു.
വെള്ളത്തില്‍ രണ്ടു പേരും മുങ്ങിത്താഴുന്നത് നാട്ടുകാര്‍ കാഞ്ഞാര്‍ പാലത്തില്‍ നിന്നു കണ്ടു. ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തുന്നതിനിടെ ഇവരോടൊപ്പമുണ്ടായിരുന്ന അലന് ജോഷി ബഹളം വച്ചു സമീപത്തുള്ളവരെയും വിവരം അറിയിച്ചു.
ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും കരയിലെത്തിച്ചു. മൂലമറ്റം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പ്രാഥമിക ചികിത്സ നല്കി ഇവരെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സീനയാണ് ഫിര്‍ദൗസിന്റെ മാതാവ്. സഹോദരി ഫിദാന. സഹോദരന് അഖില്‍.