കരിമുകള്‍: മദ്യപാനത്തിനിടെ ഉടലെടുത്ത തര്‍ക്കത്തിനെത്തുടര്‍ന്ന് പിണര്‍മുണ്ടയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. അസം സ്വദേശി സാഘവര് മിശ്രയാണ് (35) കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 4 മണിക്കായിരുന്നു സംഭവം.
ഇവര്‍ വാടകയ്ക്കു താമസിക്കുന്ന മുറിയിലാണ് കൊലപാതകം നടന്നത്. മദ്യപാനത്തിനിടെ രണ്ടംഗ സംഘമാണ് സാഘവറിനെ കൊലപ്പെടുത്തിയത്. സമീപത്തെ മുറിയിലുണ്ടായിരുന്നവരാണ് അമ്പലമേട് പോലീസില്‍ വിവരം അറിയിച്ചത്. കാക്കനാട്, കരിമുകള്‍ മേഖലയില്‍ ദീര്‍ഘ നാളുകളായി കരാര്‍ തൊഴില്‍ ചെയ്തു വരികയാണ് സംഘം.
അതേസമയം, തിരുവനന്തപുരത്ത് അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയ ശേഷം നാട്ടിലേയ്ക്ക് മുങ്ങിയ സുഹൃത്തായ ഒഡീഷ സ്വദേശി പിടിയിലായി. ബാലിയ നായക് (26)-നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. 2018 ഡിസംബര്‍ 23-നാണ് ഒഡീഷ സ്വദേശിയായ ബിപിന്‍ മഹാപത്ര കൊല്ലപ്പെട്ടത്.
ഇയാളോടൊപ്പം മേനംകുളം പാടിക്കവിളാകം ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വാടകമുറിയില്‍ താമസിച്ചു വന്നിരുന്ന പ്രതി ബാലിയ നായക് പാചകം ചെയ്ത ഭക്ഷണത്തിന് രുചിക്കുറവാണെന്ന് പറഞ്ഞ് ഉണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
രാത്രി ബിപിന്‍ മഹാപത്രയെ പ്രതി കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ കഴക്കൂട്ടം അസ്സിസ്റ്റന്റ് കമ്മീഷണര്‍ ആര് അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.