കൊച്ചി: കേരളത്തില്‍ തെരുവുനായകളുടെ ആക്രമണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ 78 പേരാണ് നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത്. നാലര മണിക്കൂറിനുള്ളില്‍ പാലക്കാട് നായയുടെ കടിയേറ്റ് ജില്ലാ ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയത് 24 പേരാണ്.
പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസം 70 ലേറെ പേര്‍ക്ക് നായ കടിയേറ്റതായാണ് സൂചന. കോഴിക്കോട് 33 പേരും കണ്ണൂരില്‍ 28 പേരും കൊല്ലത്ത് 20 പേരും കാസര്‍കോട് ജില്ലയില്‍ 18 പേരും നായയുടെ കടിയേറ്റ് ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം.
പത്തനംതിട്ട ജില്ലയില്‍ 5 പേര്‍ക്കും തിരുവനന്തപുരത്ത് 2 പേര്‍ക്കും നായയുടെ കടിയേറ്റു. ഇവര്‍ ചികിത്സയിലാണ്. ആലപ്പുഴയിലെ എഴുപുന്നയില്‍ അന്ധനായ ലോട്ടറി വില്പനക്കാരനെയും പത്ര വിതരണത്തിനു പോയ ഏജന്റിനെയും തെരുവുനായ ആക്രമിച്ചു. തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിച്ചതോടെ പുറത്തിറങ്ങാന്‍ പേടിക്കുകയാണ് ജനങ്ങള്‍.