കൊച്ചി: കോഴിക്കോടിന് പിന്നാലെ എറണാകുളത്തും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിയായ 56കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ ഇവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രദേശത്ത് പരിശോധനകള്‍ കര്‍ശനമാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 23നാണ് 56കാരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഒരു കേസ് മാത്രമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടര്‍ പ്രതികരിച്ചു. നേരത്തെ ഷിഗല്ല രോഗബാധ സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതായി എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.
ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താനും കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുടിവെള്ള സ്രോതസിന്റെ സാമ്പിള്‍ പരിശോധനക്കായി ശേഖരിച്ചു. രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങള്‍. വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാല്‍ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു.
പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രണ്ട് മുതല്‍ ഏഴ് ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത്. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കാനുള്ള സാധ്യതയും ഉണ്ട്.
രോഗബാധ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. വ്യക്തിശുചിത്വം പാലിക്കുക. തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക. കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്കരിക്കുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക. പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക തുടങ്ങിയവയാണ് രോഗബാധ തടയാനുള്ള പ്രധാന മാര്‍ഗങ്ങള്‍.