ആലപ്പുഴ: തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്ത് പ്രചാരണത്തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍. ദേശീയ നേതാക്കളും പ്രചാരണം കൊഴുപ്പിക്കാന്‍ കേരളത്തില്‍ എത്തിയതോടെ പ്രവര്‍ത്തകരും ആവേശത്തിലാണ്. കഴിഞ്ഞദിവസം ആലപ്പുഴയില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പര്യടനമാണ് യുഡിഎഫ് പാളയങ്ങളില്‍ ആവേശം നിറയ്ക്കുന്നത്.
പ്ലാനിങ്ങില്‍ പോലും ഇല്ലാത്ത തികച്ചും യാദൃശ്ചികമായ സന്ദര്‍ശനങ്ങളാണ് രാഹുലിന്റെ മാസ്റ്റര്‍പീസ്. അരൂരില്‍ ഹൈവേയിലൂടെ പാഞ്ഞുവന്ന വെള്ളക്കാര്‍ പെട്ടെന്നു ബ്രേക്കിട്ടു. തോക്കുധാരികള്‍ അരൂരിലെ ബേക്കറിയിലേക്കു പാഞ്ഞുകയറി. എല്ലാവരും അന്തംവിട്ടുനില്‍ക്കുമ്പോള്‍ ബേക്കറിയുടമയുടെയും ജീവനക്കാരുടെയും മുന്നിലേക്ക് സൗമ്യനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കയറിവന്നു.
ഒപ്പം സുപരിചിതനായ കെസി വേണുഗോപാലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും എത്തി. ഇതോടെ എല്ലാവരുടേയും മുഖത്ത് ചിരിപടര്‍ന്നു. ആദ്യംതന്നെ രാഹുല്‍ ഗാന്ധി ജിലേബി ഒന്നു കൈക്കലാക്കി. പിന്നെ മൈസൂര്‍പാക്ക്, അതു കഴിഞ്ഞപ്പോള്‍ കട്ലെറ്റ് ചോദിച്ചെങ്കിലും ബീഫായതിനാല് കഴിച്ചില്ല. കുക്കീസ് ബിസ്കറ്റ് കഴിച്ചു. ചായയുമായി ജീവനക്കാരന് ആരോമല്‍ എത്തിയപ്പോള്‍ അതുവാങ്ങി കുടിച്ചു.
കാല്‍മണിക്കൂറോളം അവിടെ ചെലവഴിച്ച് ഇറങ്ങുമ്പോള്‍ ഡിസിസി പ്രസിഡന്റിന്റെ ചുമതലയുള്ള എഎ ഷുക്കൂറും പ്രദേശത്തെ കോണ്‍ഗ്രസ് നേതാവ് കെകെ മഹേശനും എത്തി സന്തോഷം പങ്കുവെച്ചു. ബേക്കറിക്കുസമീപം രാഹുല്‍ഗാന്ധി പ്രസംഗിക്കുമെന്ന പ്രതീക്ഷയില്‍ മൈക്ക് സജ്ജമാക്കിയിരുന്നെങ്കിലും അദ്ദേഹം തുറന്നജീപ്പില്‍ വയലാറിലേക്കു നീങ്ങി.