ഹരിപ്പാട്: ഹരിപ്പാട് കാര്‍ നിയന്ത്രണം വിട്ട് തോട്ടില്‍ വീണു. പുലര്‍ച്ചെ നടക്കാനിറങ്ങിയവര്‍ കണ്ടത് തുണയായി. കാറിലുണ്ടായിരുന്ന ഡ്രൈവറെ യുവാക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം.
ഡാണാപ്പടി- കാര്‍ത്തികപ്പള്ളി റോഡില്‍ നിന്നു കാര്‍ നിയന്ത്രണം വിട്ട് സമീപമുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. നടക്കാനിറങ്ങിയ യുവാക്കള്‍ ഓടിയെത്തി തോട്ടില്‍ ചാടി കാറിന്റെ ഡോര്‍ തുറന്നു ഡ്രൈവറെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.
ഡ്രൈവര്‍ മുതുകുളി സ്വദേശി അനില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകട സമയത്ത് അതുവഴി വന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ ഹരിപ്പാട് പോലീസില്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്ത് എത്തിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം പാറത്തോട് വഴിയരികിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ നിയന്ത്രണം വിട്ടെത്തിയ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറുമായി ചേര്‍ത്ത് ഇടിച്ചു തെറിപ്പിച്ചു. പാറത്തോട് ഇടപ്പറമ്പില്‍ സാബുവിന്റെ മകള്‍ ഷാനി സാബുവിന് (21) ആണു അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത്.
ഷാനിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാനി കുട്ടിക്കാനം മരിയന്‍ കോളജിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിനിയാണ്. ഇന്നലെ വൈകിട്ട് 3.45ന് ദേശീയ പാതയില്‍ പാറത്തോട് ജംഗ്ഷനു സമീപം മീനച്ചില്‍ ബാങ്കിനു മുന്നിലായിരുന്നു അപകടം. കോളജില്‍ പോയി മടങ്ങിയ ഷാനി പാറത്തോട്ടില്‍ ബസിറങ്ങിയ ശേഷം വീട്ടിലേക്കു പോകുമ്പോഴാണ് അപകടം.