മാന്നാര്‍: വോട്ട് ചെയ്യാന്‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം പതിനെട്ട് വയസ് ആണെന്നതിനാല്‍, 18 വയസ് പൂര്‍ത്തിയായി കഴിഞ്ഞ് വരുന്ന അടുത്ത തെരഞ്ഞെടുപ്പില്‍ പൗരന്മാരെല്ലാം വോട്ടര്‍പ്പട്ടികയില്‍ കയറിപ്പറ്റും. എന്നാല്‍ ശശികുമാറിന് വോട്ട് ചെയ്യാന്‍ കുറച്ചധികം കാത്തിരിക്കേണ്ടി വന്നു. അന്പത്തിയെട്ടു വയസ് വരെ.
അന്‍പത്തിയെട്ടാമത് വയസിലാണ് പ്രവാസിയായ ഇരമത്തൂര്‍ കോവിലകം വീട്ടില്‍ എം ശശികുമാര്‍ കന്നിവോട്ടിനൊരുങ്ങുന്നത്. 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് 3ാം വാര്‍ഡിലെ കന്നി വോട്ടറാണ് ഇദ്ദേഹം. തൊഴില്‍ സംബന്ധമായി വര്‍ഷങ്ങളായി നാട്ടില്‍ ഇല്ലാതിരുന്നതാണ് ശശികുമാറിന് വോട്ടര്‍പ്പട്ടികയില്‍ കയറിപ്പറ്റാന്‍ കഴിയാതിരുന്നത്.
18 വയസ്സു മുതല്‍ ശശികുമാര്‍ മുംബൈയിലായിരുന്നു. ഇവിടെ നിന്നു സൗദിക്കു പറന്ന ഇദ്ദേഹം 30 വര്‍ഷമായി ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി നോക്കുകയായിരുന്നു. ഇതിനിടയില്‍ പല തവണ നാട്ടിലെത്തിയെങ്കിലും വോട്ടര്‍ പട്ടികയില്‍ കടന്നു കൂടാനായില്ല.
പത്തു വര്‍ഷം മുന്‍പ് ഭാര്യ പുഷ്പ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലേക്കു മത്സരിച്ചു ജയിച്ചപ്പോള്‍ മുതലാണ് ശശികുമാറിനു നാട്ടില്‍ വോട്ടു ചെയ്യാന്‍ മോഹം ഉണ്ടായത്. ആ കാത്തിരിപ്പിന്റെ സ്വപ്ന സാഫല്യം ഡിസംബര്‍ 8ന് യാഥാര്‍ഥ്യമാകും.
അതേസമയം, ഇരുവരുടെയും മക്കളായ ശ്യാമയും പ്രണവും ഇതിനോടകം തന്നെ മൂന്നു വോട്ടു വീതം ചെയ്തിട്ടുണ്ട്. ശശികുമാറിന്റെ ഭാര്യ ഇത്തവണ ചെന്നിത്തല പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാണ് പ്രചാരണത്തിലും സജീവമാണ്.