തൃശ്ശൂര്‍: നാല് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന് അറസ്റ്റില്‍. തൃശ്ശൂര്‍ കുന്നംകുളത്താണ് സംഭവം. കുന്നംകുളം സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. രാത്രി കുട്ടി കരയുന്നതിനാല്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു ഇയാള്‍ മടലുകൊണ്ട് കുട്ടിയെ മര്‍ദ്ദിച്ചത്.
പ്രസാദിനെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. രണ്ടാനച്ഛനില്‍ നിന്നും മുഖത്തും ശരീരത്തിലും അടിയേറ്റ കുട്ടി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. രാത്രി ഉറങ്ങുന്ന സമയത്ത് കുഞ്ഞ് കരയുന്നെന്ന് പറഞ്ഞ്് പ്രസാദ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
also read: ദേശീയപാതയിലെ കുഴിയിൽ വീണ് മരണം;ശാസ്ത്രീയ പരിശോന നടത്താൻ പോലീസ്
തെങ്ങിന്റെ മടല് കൊണ്ടാണ് പ്രതി കുട്ടിയുടെ മുഖത്തും ശരീരത്തും അടിച്ചത്. എടുത്ത് എറിയുകയും, കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഡോക്ടറുടെ നിര്‍ദേശത്തില്‍ കുട്ടിയെ വിദഗ്ധ ചികിത്സക്ക് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തില്‍ പഴക്കമുള്ള മുറിവുകള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മുമ്പും പ്രസാദ് കുട്ടിയെ മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് വിവരം.