മണ്ണാര്‍ക്കാട്: വടക്കുമണ്ണത്ത് അരിമാവ് ചോദിച്ചെത്തി വീട്ടമ്മയുടെ സ്വര്‍ണ്ണം കവര്‍ന്ന രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം ആമയൂര്‍ കടവില്‍ നിസാര്‍, മൊറയൂര്‍ ആനക്കല്ലിങ്കല്‍ സുബൈര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജീണ്‍ മൂന്നിനായിരുന്നു സംഭവം.
രാത്രി ഒന്‍പതരയോടെ ഓക്കാസ് തിയറ്ററിനു സമീപത്തെ വീട്ടിലുള്ള സ്ത്രീയുടെ മാലയാണ് കവര്‍ന്നത്. തിയറ്ററിനു സമീപം എണ്ണക്കടികളും അരിമാവും വില്പന നടത്തുന്ന ശാന്തിയുടെ മാലയാണ് അരിമാവ് വാങ്ങാനെന്ന വ്യാജേന എത്തിയവര്‍ കവര്‍ന്നത്.
രാത്രി കട അടയ്ക്കാനുള്ള തയാറെടുപ്പിനിടെയാണ് മാവ് ആവശ്യപ്പെട്ട് യുവാവ് എത്തിയത്. മുപ്പത് രൂപയുടെ മാവ് നല്കിയപ്പോള് അന്‍പത് രൂപയുടെ മാവ് വേണമെന്നായി. അന്‍പത് രൂപയ്ക്കുള്ള മാവ് കവറില്‍ നിറയ്ക്കുന്നതിനിടെ വീടിന് അകത്തു കയറിയ യുവാവ് മാല പൊട്ടിച്ചു.
ഇതിനിടെ ശാന്തി ഒരു കൈകൊണ്ട് മാലയും മറു കൈകൊണ്ട് യുവാവിന്റെ വസ്ത്രത്തിലും പിടിച്ചെങ്കിലും തള്ളിമാറ്റി മാല പൊട്ടിച്ച് യുവാവ് പുറത്തേക്ക് ഓടി. ശബ്ദം കേട്ട് എത്തിയ ശാന്തിയുടെ ഭര്‍ത്താവ് വേണുവും യുവാവിന്റെ പിന്നാലെ പുറത്തിറങ്ങി.
എന്നാല്‍ അപ്പോഴേക്കും ബൈക്കില്‍ കാത്തു നിന്നിരുന്ന സുഹൃത്തിനൊപ്പം കള്ളന് രക്ഷപ്പെട്ടു. മാലയുടെ ഒരു ഭാഗം ശാന്തിയുടെ കയ്യില്‍ കിട്ടിയിരുന്നു. സമാന കേസില്‍ തൃശൂര്‍ ഒല്ലൂരിലാണ് ഇവര്‍ പിടിയിലായത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പാലക്കാട്, മലപ്പുറം, തൃശൂര്‍ സ്റ്റേഷനുകളില്‍ ഇവര്‍ക്ക് കേസുകളുണ്ട്.