വരന്തരപ്പിള്ളി: ഉപയോഗിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിഞ്ഞ ചൂണ്ടക്കൊളുത്ത് പശുക്കിടാവിന്റെ നാക്കിലേയ്ക്ക് തുളച്ചുകയറി. പുല്ല് തിന്നുന്നതിനിടെയാണ് പശുവിന്റെ വായില്‍ ചൂണ്ടക്കൊളുത്ത് തറച്ചത്. ആറ് മണിക്കൂര്‍ നേരമാണ് പശുക്കിടാവ് വേദന തിന്നത്.
നാല് ഡോക്ടര്‍മാര്‍ പരിശ്രമിച്ചാണ് ചൂണ്ടക്കൊളുത്ത് നീക്കം ചെയ്തത്. വരന്തരപ്പിള്ളി റൊട്ടിപ്പടി ചെറോടന്‍ രാജന്റെ വീട്ടിലെ ഏഴുമാസം പ്രായമുള്ള പശുക്കിടാവാണ് ചൂണ്ടയില്‍ കടിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. വീടിനു സമീപത്തെ കുറുമാലിപ്പുഴയോരത്ത് വളര്‍ന്നുനിന്ന പുല്ലാണ് രാജന് കൊണ്ടുവന്നിരുന്നത്. പുഴയോരത്ത് ചൂണ്ടയിട്ട് മീന്പിടിച്ചിരുന്ന ചിലര്‍ അശ്രദ്ധമായി ഉപേക്ഷിച്ച പൊട്ടിയ ചൂണ്ടയുടെ മൂര്‍ച്ചയുള്ള കൊളുത്ത് പുല്ലില്‍ അകപ്പെട്ടിരുന്നു.
പുല്ല് തിന്നശേഷം വെള്ളം കുടിച്ച പശുക്കുട്ടിയുടെ മുഖത്ത് ചോര കണ്ടതോടെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാവില്‍ തറച്ചുകയറിയ കൊളുത്ത് നീക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വരന്തരപ്പിള്ളി വെറ്ററിനറി ആശുപത്രിയിലെ ജീവനക്കാരെ വിവരമറിയിച്ചു. എന്നിട്ടും കൊളുത്ത് എടുക്കാനാവാതെവന്നപ്പോള് ചെങ്ങാലൂര്‍, വെള്ളിക്കുളങ്ങര മൃഗാശുപത്രികളിലെ ഡോക്ടര്‍മാരും സ്ഥലത്തെത്തി. തുടര്‍ന്ന് പശുക്കിടാവിനെ മയക്കിയശേഷം കൊളുത്ത് നീക്കം ചെയ്യുകയായിരുന്നു.