പടിഞ്ഞാറത്തറ: വോട്ടു തേടിയെത്തുന്നവര്‍ക്ക് പരിഹാസത്തില്‍ പൊതിഞ്ഞ മുന്നറിയിപ്പുമായി ചെറുവേരി പള്ളി കുന്നേരിക്കുന്ന് നിവാസികള്‍. ‘ഇങ്ങോട്ട് അഞ്ച് കൊല്ലത്തിനു ശേഷം വരുന്നതു കൊണ്ടു നിങ്ങള്‍ തോട്ടില്‍ ഉരുണ്ട് വീഴാതെ നോക്കുക’ വോട്ട് തേടി എത്തുന്നവര്‍ക്കുള്ള പ്രദേശവാസികളുടെ മുന്നറിയിപ്പ്.
ഇരുപതിലധികം കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ ഒരു നടപ്പാത പോലും ഇല്ലാത്തതാണ് നാട്ടുകാരുടെ ഈ പ്രതിഷേധത്തിന് കാരണം. പടിഞ്ഞാറത്തറ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലാണ് ഈ പ്രദേശം. കുപ്പാടിത്തറ-ചേരിയംകൊല്ലി റോഡില്‍ നിന്നാണ് ഇവിടേക്ക് എത്താനുള്ള ഏക നടവഴിയുള്ളത്.
പതിറ്റാണ്ടുകളായി പ്രദേശവാസികല്‍ വയല്‍ വരമ്പാണ് നട വഴിയായി ഉപയോഗിക്കുന്നത്. ഈ വഴി തോടിനു സമീപത്തു കൂടെ ആയതിനാല്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കാല്‍നടയാത്ര വലിയ ബുദ്ധിമുട്ടാണ്. നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്തിലും വില്ലേജിലുമടക്കം പരാതി നല്‍കിയിട്ടും ജനപ്രതിനിധികളെ സമീപിച്ചിട്ടു പോലും ഇതിനു പരിഹാര നടപടി ഉണ്ടായിട്ടില്ല.
മാസങ്ങള്‍ക്കു മുമ്പ് ഈ പ്രദേശത്ത് കുഴഞ്ഞു വീണ ഒരു വ്യക്തിയെ തോളില്‍ ചുമന്നാണ് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനാല്‍ അയാളുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. മാറി വരുന്ന ഭരണസമിതികളെല്ലാം തങ്ങളെ കൈയൊഴിഞ്ഞതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ ഇത്തരത്തിലൊരു മുന്നറിയിപ്പ് ബോര്‍ഡ് വെച്ചത്.