എടക്കര: കാട്ടുകൊമ്പൻ ജീവനെടുക്കേണ്ടിയിരുന്ന ഒമ്പതംഗ കുടുംബത്തെ രക്ഷിച്ചത് ജിമ്മി എന്ന വളർത്തുനായയുടെ ജാഗ്രത. കാട്ടാന മദം ഇളകി വരുമ്പോൾ കുരച്ചും മാന്തിയും ബഹളം വെച്ച് വീട്ടുകാരെ ഉണർത്തി ജീവിതത്തിലേക്ക് തിരിച്ചുവിളിച്ചത് ജിമ്മിയാണ്.
ന്റെ കാലുകളിൽ ഞെരിയേണ്ടതായിരുന്നു ഈ കുടുംബം. വളർത്തുനായ ജിമ്മിയുടെ ജാഗ്രത ഒന്നുകൊണ്ടാണ് അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. അവനാണ് കുരച്ചും മാന്തിയും ശബ്ദമുണ്ടാക്കി മുന്നറിയിപ്പു കൊടുത്തത്. കിടന്നിരുന്ന ചായ്പ് കാട്ടാന നശിപ്പിച്ചെങ്കിലും വീട്ടുകാർക്ക് രക്ഷപ്പെടാനായത് നായയുടെ ബഹളംകൊണ്ടാണ്. ഉദിരംകുളം മങ്ങാട്ടൂർ സുന്ദരന്റെ ഒമ്പതംഗ കുടുംബത്തെയാണ് വീട്ടിലെ വളർത്തുനായയുടെ കരുതൽ തുണച്ചത്. കൂടാതെ ആനയെ തുരത്തി തിരിച്ച് കാട്ടിലേക്ക് അയച്ചതും ജിമ്മിയുടെ ധൈര്യമായിരുന്നു.
കരിയംമുരിയം വനത്തിന്റെ സമീപമാണ് സുന്ദരന്റെ വീട്. വീടിനോടുചേർന്ന് അടുക്കളയായി ഉപയോഗിക്കുന്ന ചായ്പിലാണ് സുന്ദരനും ഭാര്യയും ഉറങ്ങുന്നത്. പ്ലാസ്റ്റിക്കിന്റെ മറകൊണ്ടാണ് ചായ്പ് കെട്ടിയിരിക്കുന്നത്. ഉറക്കത്തിനിടെ വളർത്തുനായ ജിമ്മി ശബ്ദത്തിൽ കുരയ്ക്കുന്നതും പ്ലാസ്റ്റിക് ഷീറ്റിൽ മാന്തി ശബ്ദം ഉണ്ടാക്കുന്നതും കേട്ടാണ് സുന്ദരനും ഭാര്യ സീതയും ഉണർന്നത്. നോക്കുമ്പോൾ മുറ്റത്ത് നിൽക്കുന്ന കൊമ്പനെയാണ്. അലറിവിളിച്ച ആന തുമ്പിക്കൈ നീട്ടി ചായ്പിന്റെ അകത്തേക്കു കയറാൻ ശ്രമിച്ചപ്പോഴേക്കും ഒരുനിമിഷം കൊണ്ട് സുന്ദരനും ഭാര്യയും മക്കൾ കിടക്കുന്ന മുറിയിലേക്ക് ചാടിക്കയറി രക്ഷപ്പെടുകയായിരുന്നു. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ജീവൻ തന്നെ നഷ്ടമായേനെ.
ഇതിനിടയിൽ മേൽക്കൂരതകർത്ത ആന ചായ്പിനുള്ളിലേക്ക് കയറാൻ വീണ്ടും ശ്രമിച്ചു. വീട്ടുകാരുടെ കൂട്ടനിലവിളി ശബ്ദത്തിൽ അമ്പരന്ന് ആന പിന്തിരിഞ്ഞോടുകയായിരുന്നു. പത്തുമിനിറ്റോളം വീടിനുചുറ്റും വലംവെച്ച് ചെമ്പൻകൊല്ലി റോഡ് വഴി കാട്ടിലേക്ക് കയറി. അതേസമയം, ആനയെ തുരത്തി കാടതിർത്തിവരെ പിന്തുടർന്ന് ഓടിച്ചശേഷമാണ് ജിമ്മി തിരിച്ചുവന്നത്. ആദ്യമായാണ് ആന ഇവരുടെ വീടിനു സമീപമെത്തുന്നത്. ചെറുകര ബീവി, ചെട്ടിശേരി ജോൺ, പെരിച്ചാത്ര ബാലൻ എന്നിവരുടെ നെല്ല്, തെങ്ങ്, വാഴ എന്നിവയും ആന നശിപ്പിച്ചു.