ഓയൂര്‍: ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. വാളിയോട് മറവന്‍കോട് മിച്ചഭൂമി കോളനിയില്‍ അജോ ഭവനില്‍ ജോസ്-അനിത ദമ്പതികളുടെ മകള്‍ അജ്ന ജോസ് (11) ആണ് മരണപ്പെട്ടത്.
ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു സംഭവം. ഷോക്കേറ്റ് അബോധാവസ്ഥയിലായ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വാളിയോട് എസ്ആര്‍വി യുപി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. സംസ്കാരം പിന്നീട് നടത്തും.സഹോദരന്: അജോ.
ടാര്‍പോളിന്‍ ഷീറ്റ് മറച്ച കൂരയിലെ പരിമിതികള്ക്കിടയില് നിന്നായിരുന്നു അജ്നയുടെ പഠിപ്പ്. ഇരുന്നു പഠിക്കാന്‍ സൗകര്യപ്രദമായൊരു സ്ഥലമുണ്ടായിരുന്നെങ്കില്‍ അജ്ന ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് നാട്ടുകാരും വീട്ടുകാരും നിറകണ്ണുകളോടെ പറയുന്നു. അമ്മയുടെയും സഹോദരന്റെയും മുന്നിലായിരുന്നു ദാരുണ സംഭവം. വെളിയം വാളിയോട് മറവന്‍കോട് കോളനി മിച്ചഭൂമിയില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ടാര്‍പോളിന്‍ ഷെഡിലാണ് കുടുംബം താമസിക്കുന്നത്.