വിതുര: തിരുവനന്തപുരം വിതുരയിൽ കാട്ടുപന്നിക്കൂട്ടം ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ യുവാവിന് പരിക്ക്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെ തെറിച്ച വീണാണ് യുവാവിനു പരിക്കേറ്റത്. വളവ് തിരിഞ്ഞെു വരവെ തോട്ടത്തിനുള്ളിൽ നിന്നു വാഹനത്തിനു മുന്നിലേക്കു കാട്ടുപന്നിക്കൂട്ടം എടുത്തു ചാടുകയായിരുന്നു.
വിതുര ശാസ്താംകാവ് മീനു ഭവനിൽ എസ് സജികുമാറി(45)നാണു പരുക്കേറ്റത്. വിതുരയിൽ നിന്നും വീട്ടിലേക്കു മടങ്ങവെയാണു ശാസ്താംകാവ് ആറ്റുകടവിനു സമീപമായിരുന്നു സംഭവം.
പ്രദേശത്തു കാട്ടുപന്നി ആക്രമണം രൂക്ഷമാണെന്ന് കാലങ്ങളായി നാട്ടുകാർ പരാതിപ്പെടുന്നു. കാലിനു ഗുരുതര പരുക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.