കടലുണ്ടി: വാക്കടവില്‍ നങ്കൂരമിട്ട ഫൈബര്‍ വള്ളം കടലില്‍ മുങ്ങി. കടലുണ്ടി നഗരം ആനങ്ങാടി ബീച്ച് പക്രാടത്ത് ഹംസക്കോയയുടെ ഉടമസ്ഥതയിലുള്ള മാലിക് ദീനാര്‍(റഹ്മത്ത്) വള്ളമാണ് മുങ്ങിയത്. കടലില്‍ ചേറിളകുന്ന പ്രതിഭാസത്തെ തുടര്‍ന്ന് പെട്ടെന്നുണ്ടായ കാറ്റില്‍ ഇന്‍ബോര്‍ഡ് എന്ജിന് ഘടിപ്പിച്ച വള്ളത്തിലേക്കു വെള്ളം തള്ളിക്കയറുകയായിരുന്നു. ഒരു വശത്തേക്കു ചെരിഞ്ഞു വള്ളം പൂര്‍ണമായും കടലില്‍ മുങ്ങി.
വള്ളത്തിലുണ്ടായിരുന്ന വലയും എന്‍ജിനും ഉള്‍പ്പെടെ മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗരഹിതമായി. ജിപിഎസ്, വയര്‍ലെസ്, എക്കോ സൗണ്ടര്‍, ക്യാമറ, പന്തല്‍ എന്നിവയും നശിച്ചു. വിവരം അറിഞ്ഞു എത്തിയ മത്സ്യത്തൊഴിലാളികള്‍ മറ്റു വള്ളങ്ങളുമായി എത്തിയാണ് ഫൈബര്‍ വള്ളം തീരത്തെത്തിച്ചത്. തോണിയും എന്‍ജിനും വലയും മറ്റുപകരണങ്ങള്ക്കുമായി 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത്.