മഞ്ചേരി: തെരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നതിനിടെ മലപ്പുറം മഞ്ചേരിയിലെ ഈ വീട്ടിൽ ചർച്ചയും തെരഞ്ഞെടുപ്പ് തന്നെ. മേലാക്കം കിഴക്കേ പുത്തൻപുര വീട്ടിൽ ദിവസങ്ങളായി വാർഡുകളിലെ പ്രചാരണമാണ് കുടുംബത്തിലെ മുഖ്യ ചർച്ചാവിഷയം.
ഇതിന് ഒരു കാരണവുമുണ്ട്.
ഈ വീട്ടിലെ അംഗങ്ങൾ വോട്ടർമാർ മാത്രമല്ല മൂന്നു സഹോദരങ്ങളും സ്ഥാനാർത്ഥികളും കൂടിയാണ്. മൂന്നുപേരും മത്സരിക്കുന്നത് ഓരേ മുന്നണിക്ക് വേണ്ടിയാണ്. എൻഡിഎ സ്ഥാനാർത്ഥികളാണ് മൂവരും.
പിജി ഉപേന്ദ്രൻ, പിജി ഉദയഭാനു, പിജി ഉഷ എന്നിവരാണ് മഞ്ചേരി നഗരസഭയിൽ താമര ചിഹ്നത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ പിജി ഉപേന്ദ്രൻ മേലാക്കം വാർഡിൽനിന്ന് വിജയിച്ച് മെംബർ ആയിരുന്നു. ഇത്തവണ വാർഡ് വനിത സംവരണം ആയതോടെ സഹോദരി പിജി ഉഷയ്ക്ക് സ്ഥാനാർത്ഥിത്വം കൈമാറി. ഉപേന്ദ്രൻ കരുവമ്പ്രം വാർഡിലേക്ക് മാറി. ഉപേന്ദ്രനും ഉഷയും ഇരട്ടകൾ കൂടിയാണ്. മറ്റൊരു സഹോദരനായ പിജി ഉദയഭാനു തടത്തിക്കുഴി വാർഡ് സ്ഥാനാർത്ഥിയാണ്.