മട്ടാഞ്ചേരി: മുന്നിലേക്ക് ചവിട്ടിയാലും പിന്നിലേക്ക് ചവിട്ടിയാലും മുന്നിലേക്കു തന്നെ നീങ്ങുന്ന സൈക്കിള്‍. രണ്ടു പേര്‍ക്കും മൂന്നു പേര്‍ക്കും അനായാസം ചവിട്ടാവുന്ന സൈക്കിള്‍. സൈക്കിള്‍ നിര്‍മാണത്തില്‍ പുതുമകളുമായി ലോകത്തെ ഞെട്ടിക്കുകയാണ് പാണ്ടിക്കുടി ജിവിപി സൈക്കിള്‍ ഡിസൈനര്‍ വി വേണു. ഞെട്ടിക്കുക മാത്രമല്ല ചില സൈക്കിളുകള്‍ ബിഗ് സ്ക്രീനില്‍ ഹിറ്റാകുകയും ചെയ്തിട്ടുണ്ട്.
സിഐഡി മൂസ, മൈ ബോസ്, ഹരിഹരന്‍പിള്ള ഹാപ്പിയാണ് തുടങ്ങിയ സിനിമകള്‍ക്കായി വ്യത്യസ്ത മോഡലുകളില്‍ വേണു സൈക്കിളുകള്‍ നിര്‍മിച്ചു നല്കി. നടന് മോഹന്‍ലാലിനു വേണ്ടി നിര്‍മിച്ച ജപ്പാന് മോഡലിലെ അക്കിനി റിക്ഷ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഹാപ്പി ഹസ്ബന്‍ഡ്സ്’ എന്ന സിനിമയ്ക്കു വേണ്ടി വേണു നിര്‍മ്മിച്ചത് ആറുപേര്ക്കിരുന്ന് ചവിട്ടാവുന്ന നീളന്‍ സൈക്കിളാണ്. ദിലീപ് നായകനായ ‘ശൃംഗാരവേലനു’ വേണ്ടി, മടക്കി ബാഗിനുള്ളില്‍ വയ്ക്കാവുന്ന ബൈക്ക്, ‘യുഗപുരുഷന്’ സിനിമയ്ക്കായി ഒരുക്കിയ, ശ്രീനാരായണ ഗുരുവിന്റെ റിക്ഷാവണ്ടി. ഇങ്ങനെ നീളുന്നു വേണുവിന്റെ ഇരുചക്രത്തിന്റെ നിരവധി വിസ്മയരൂപങ്ങള്‍.
കഴിഞ്ഞ 40 വര്‍ഷമായി സൈക്കിള്‍ വര്‍ക്ഷോപ്പ് നടത്തി വരികയാണ് വേണു. അച്ഛന് വേലായുധനും ജ്യേഷ്ഠന് ശശീന്ദ്രനുമൊപ്പം 1980- ല്‍ പതിനഞ്ചാം വയസിലാണ് വേണു സൈക്കിളുകളുടെ ലോകത്തെത്തുന്നത്.