വിഴിഞ്ഞം: ഇതാണ് ശരിക്കും ലോട്ടറി… ഒരു ടിക്കറ്റിന് ഒന്നാം സമ്മാനവും ഒപ്പം എടുത്ത ഒന്‍പതു ലോട്ടറി ടിക്കറ്റിനും ഭാഗ്യസമ്മാനങ്ങള്‍ വാരിക്കൂട്ടി വിഴിഞ്ഞത്തെ ഹോട്ടല്‍ തൊഴിലാളി സിറാജുദ്ദീന്. കാരുണ്യ ലോട്ടറിയുടെ ശനിയാഴ്ചത്തെ നറുക്കെടുപ്പിലാണ് വിഴിഞ്ഞം നിവാസിയായ സിറാജുദ്ദീന് ലോട്ടറി സമ്മാനങ്ങളുടെ പെരുമഴയില്‍ നനഞ്ഞത്.
സമ്മാനമൊന്നും ഇല്ലെന്നു വിചാരിച്ചു കളയാന്‍ തുടങ്ങിയ ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത്. പോരാത്തതിന്, ഒപ്പം എടുത്ത ഒന്‍പതു ലോട്ടറി ടിക്കറ്റിനും 8000 രൂപ വീതം ലഭിച്ചത് സിറാജിന്റെ ആഹ്ളാദം ഇരട്ടിയാക്കി.
വിഴിഞ്ഞം പുല്ലൂര്‍ക്കോണം പ്ലാമൂട്ടുവിള വീട്ടില്‍ സിറാജുദ്ദീനിന് 20 വര്‍ഷത്തിലേറെയായി ലോട്ടറി ടിക്കറ്റ് എടുക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ ദിവസത്തെ ഫലം വന്നപ്പോഴും 5000 രൂപ വരെയുള്ള സമ്മാനത്തില്‍ മാത്രമേ സിറാജുദീന്‍ തിരഞ്ഞുള്ളൂ. സമ്മാനം ഇല്ലെന്നു കണ്ട് ടിക്കറ്റ് ഉപേക്ഷിക്കാന്‍ ഒരുങ്ങവേ ആണ് തനിക്ക് ടിക്കറ്റ് വിറ്റ വനിത ഓടി എത്തി സിറാജുദീനാണ് ഒന്നാം സമ്മാനം എന്നു പറയുന്നത്.
ബാലരാമപുരത്തെ ഹോട്ടലിലെ തൊഴിലാളിയായ സിറാജുദീന്‍ സ്വന്തമായി വീട് ഇല്ല. സിറാജുദീനും ഭാര്യ സീനത്തും ബന്ധുവീട്ടിലാണ് കഴിയുന്നത്. വീടും സ്ഥലവും വാങ്ങണം എന്നതാണ് ആദ്യ ആഗ്രഹം. ഷഹീറ, ഷഹീര്‍, ഷെബീദ എന്നിവരാണ് മക്കള്‍.