തിരുവനന്തപുരം: കതിര്‍മണ്ഡപത്തില്‍ കയറ്റാത്ത വിധിയെ തോല്പിച്ച് ആശുപത്രിയില്‍ വിവാഹിതരായി നവദമ്പതികള്‍. വെമ്പായം സ്വദേശി മനോജിന്റെയും കൊല്ലം സ്വദേശി രേവതിയുടേയും പ്രണയസാക്ഷാത്കാരത്തിനാണ് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും സാക്ഷികളായത്.
വ്യാഴാഴ്ച കൊല്ലത്തുവച്ചു വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്നു മനോജിനെ എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വന്നതിനാല്‍ വിവാഹം അനിശ്ചിതത്വത്തിലായി.
എന്നാല്‍ വിവാഹം ആശുപത്രിയില്‍ നടത്തിയാലോയെന്നു മനോജും രേവതിയും ആലോചിച്ചതിനെ തുടര്‍ന്നാണ് പ്രണയസാഫല്യത്തിന് വഴിതെളിഞ്ഞത്. ബന്ധുക്കളും ആശുപത്രി അധികൃതരും സമ്മതം മൂളിയതോടെ കാര്യങ്ങള്‍ ഉഷാറായി.
ചികിത്സയെ ബാധിക്കാത്ത തരത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്. മനോജിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വൈകാതെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി സിഇഒ ഡോ. പിഅശോകന് പറഞ്ഞു.