ചിറയിന്‍കീഴ്: ജോലിക്കിടെ ഷോള്‍ഡറിന്റെ കുഴ തെറ്റി പോസ്റ്റില്‍ കുടുങ്ങിയ ലൈന്‍മാനെ ആറ്റിങ്ങല്‍ അഗ്നിശമന സേനാ രക്ഷപ്പെടുത്തി. ചിറയിന്‍കീഴ് മഞ്ചാടിമൂട് ജംഗ്ഷനിലാണ് സംഭവം.
പോസ്റ്റില്‍ കുടുങ്ങിയ ലൈന്മാന് അനില്‍കുമാര്‍ (48)നെയാണ് ആറ്റിങ്ങല്‍ അഗ്നിശമന സേനാ വിഭാഗം രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ഇലക്ട്രിക് പോസ്റ്റില്‍ അറ്റകുറ്റപ്പണിക്കിടെ ആണ് അനില്‍കുമാര്‍ പോസ്റ്റില്‍ കുടുങ്ങിയത്.
ജോലിക്കിടെ ഷോള്‍ഡര്‍ ഭാഗത്തെ കുഴ തെറ്റുകയായിരുന്നു. അസഹ്യമായ വേദനയെ തുടര്‍ന്ന് താഴേക്ക് ഇറങ്ങാന്‍ സാധിച്ചില്ല. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ താഴെ ഇറക്കാന്‍ നടത്തിയ ശ്രമം വിഫലമായതോടെ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു.
അഗ്നിരക്ഷാ സേനാ വിഭാഗം വല ഉപയോഗിച്ച് താഴെ ഇറക്കിയ അനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിന്‍കീഴ് ഇലക്ട്രിസിറ്റി സെഷന് ഓഫിസിലെ ലൈന്‍മാനാണു അനില്‍കുമാര്‍.