വിഴിഞ്ഞം: പോലീസ് പിടിയിലായ യുവാവിനെ കാണാനില്ലെന്ന പേരില്‍ വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷനു മുന്നില്‍ ബന്ധുക്കള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്നലെ രാത്രി വിഴിഞ്ഞം പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം.
അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായതാണ് യുവാവ്. ഇയാളെ കാണാനില്ലെന്ന പേരില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ ബന്ധുക്കള്‍ സ്റ്റേഷനു മുന്നില്‍ തടിച്ചു കൂടിയതു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ബഹളം കേട്ട് മറ്റുള്ളവരും സ്റ്റേഷനു മുന്നില്‍ തടിച്ചു കൂടി.
യുവാവിനെ കാണാനാകാത്തതിനാല്‍ സ്റ്റേഷനു പുറത്ത് ഒരാള്‍ മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ചതോടെ ഫയര്‍ ഫോഴ്സ് എത്തി. കൂടുതല്‍ പോലീസ് സംഘവും എത്തി. ഇതിനിടെ കുഴഞ്ഞു വീണ ബന്ധുവായ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി. അടുത്ത ദിവസം തുടര്‍ നടപടികള്‍ സ്വീകരിക്കാം എന്ന പോലീസ് ഉറപ്പിലാണ് സംഘര്‍ഷാന്തരീക്ഷം ശാന്തമായത്.
അതേസമയം, നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ മുന്നില്‍വെച്ച് അധിക്ഷേപിച്ചതിന് ഗ്രേഡ് എഎസ്ഐ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.
കളളിക്കാട് സ്വദേശി സുദേവനോടാണ് പോലീസ് മോശമായി പെരുമാറിയത്. സുദേവനെ അധിക്ഷേപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഡിജിപി ഇടപെട്ട് ഗ്രേഡ് എഎസ്ഐ ഗോപകുമാറിനെ സ്ഥലം മാറ്റിയത്. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നല്കാന് സ്റ്റേഷനില്‍ എത്തിയതായിരുന്നു സുദേവന്.