റാന്നി: കൊവിഡ് രോഗികളുടെ സംസ്കാരത്തില്‍ നിന്ന് എല്ലാവരും പിന്മാറുമ്പോള് മൃതദേഹം ഏറ്റെടുത്തു സംസ്കരിച്ച് ഡിവൈഎഫ്ഐ. റാന്നി, ചങ്ങനാശേരി എന്നിവിടങ്ങളിലാണ് ഡിവൈഎഫ്ഐ നന്മയുടെ മാതൃകയായി മാറുന്നത്.
മാര്‍ത്തോമ്മാ സഭ റാന്നി നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ നിയന്ത്രണത്തിലുള്ള അഞ്ചുകുഴി പ്രത്യാശാ ഭവനിലെ അന്തേവാസിയുടെ മൃതദേഹമാണ് ഏറ്റെടുത്ത് സംസ്കരിച്ചത്. പ്രത്യാശാ ഭവനിലെ 52 അന്തേവാസികള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇവരില്‍ അടൂര്‍ സ്വദേശിയാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചത്.
തുടര്‍ന്ന് മൃതദേഹം സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ക്കായി പ്രത്യാശാ ഭവന് ഡയറക്ടര്‍ റവ. കൊച്ചുകുഞ്ഞ് കോശി പഴവങ്ങാടി പഞ്ചായത്തംഗം അജിത്ത് ഏണസ്റ്റുമായി ബന്ധപ്പെടുകയായിരുന്നു. സിപിഎം പഴവങ്ങാടി ലോക്കല്‍ സെക്രട്ടറി കെകെ സുരേന്ദ്രനാണ് ഡിവൈഎഫ്ഐ നേതാക്കളെ ദൗത്യം ഏല്പിച്ചത്.
ഡിവൈഎഫ്ഐ റാന്നി ബ്ലോക്ക് പ്രസിഡന്റ് ജിതിന് രാജ്, സെക്രട്ടറി വത്സകുമാര്‍ എന്നിവരാണ് പിപിഇ കിറ്റുകള്‍ ധരിച്ചെത്തി ജില്ലാ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റെടുത്തത്. തിരുവല്ല വൈദ്യുതി ശ്മശാനത്തില്‍ മൃതദേഹം എത്തിച്ചപ്പോള്‍ കെകെ സുരേന്ദ്രന്, അജിത്ത് ഏണസ്റ്റ്, ലിബിന് ലാല്‍, വര്‍ഗീസ്, റോബിന് മനോജ് എന്നിവര്‍ ആവശ്യമായ രേഖകളുമായി അവിടെ കാത്തു നിന്നിരുന്നു. സുരക്ഷാ ക്രമീകരണങ്ങളോടെ മൃതദേഹം സംസ്കരിച്ചു.
ചങ്ങനാശേരി വാഴപ്പള്ളി പഞ്ചായത്തിലും ചങ്ങനാശേരി നഗരസഭയിലും കൊവിഡ് ബാധിച്ചു മരിച്ച ആളുകളുടെ സംസ്കാരം ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നടത്തി.
വാഴപ്പള്ളി പഞ്ചായത്തില്‍ ഏനാച്ചിറയില് കൊവിഡ് ബാധിച്ചു മരിച്ച മൂലംകുന്നം എംപി മാത്യുവിന്റെ (78) സംസ്കാരം ഡിവൈഎഫ്ഐ വാഴപ്പള്ളി മേഖലാ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് നടത്തിയത്. മാത്യുവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ബന്ധുക്കള്‍ നിരീക്ഷണത്തിലായി. തുടര്‍ന്ന് സംസ്കാര ചടങ്ങുകള്‍ നടത്താന്‍ ബന്ധുക്കള്‍ പ്രയാസം നേരിട്ട സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നത്.
സിപിഎം ലോക്കല്‍ സെക്രട്ടറി സി സനല്‍കുമാര്‍, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സൂരജ് മോഹന്‍, മേഖലാ ജോയിന്റ് സെക്രട്ടറി ബിജോ സിബി, ഏനാച്ചിറ യൂണിറ്റ് സെക്രട്ടറി സജിത്ത്, പ്രസിഡന്റ് ഷാജഹാന് എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചു സംസ്കാരം ഇത്തിത്താനം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടത്തി.
മഹാരാഷ്ട്ര സ്വദേശി വാഴപ്പള്ളി അക്ഷയ് ഭവനില്‍ നാരായണ്‍ സൂര്യവംശിയുടെ (55) സംസ്കാരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നഗരസഭാ ശ്മശാനത്തിലാണ് നടത്തിയത്. നാരായണ്‍ സൂര്യവംശിയും ഭാര്യയും 2 മക്കളും ഉള്‍പ്പെട്ട കുടുംബത്തിലെ എല്ലാവരും കോവിഡ് ബാധിതരായിരുന്നു. ഓക്സിജന്റെ അളവ് ക്രമാതീതമായി താഴ്ന്ന് ഗുരുതരാവസ്ഥയിലായ നാരായണിന് വാര്‍ഡ് കൗണ്‍സിലര്‍ പ്രിയ രാജേഷ് ഇടപെട്ട് കോട്ടയം ജില്ലാ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കുടുംബത്തിലെ മറ്റ് അംഗങ്ങളും കൊവിഡ് ബാധിതരായതിനാല്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കാന്‍ ഡിവൈഎഫ്ഐ- സിപിഐ എം പ്രവര്‍ത്തകര്‍ മുന്നോട്ടു വരികയായിരുന്നു.