പഴകുളം: കുട്ടികള്‍ക്ക് കളിക്കാന്‍ ക്രിക്കറ്റ് കിറ്റ് വാങ്ങി നല്കി പറഞ്ഞ വാക്കുപാലിച്ചു അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംജി കണ്ണന്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് നെല്ലിവിളയില്‍ നടന്ന കുടുംബയോഗത്തിനിടെയാണ് ക്രിക്കറ്റ് കിറ്റ് വേണമെന്ന ആവശ്യവമായി കുട്ടികള്‍ കണ്ണനു മുന്നില്‍ എത്തിയത്.
ഇവിടെയുള്ള 10 വയസ്സില്‍ താഴെയുള്ള 8 കുട്ടികളാണ് കുടുംബയോഗത്തിനിടെ വെള്ളക്കടലാസില്‍ കുറിപ്പെഴുതി കണ്ണനു നല്‍കിയത്. ഈ കുറിപ്പ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കമറുദ്ദീന് മുണ്ടുതറയിലിനു കൈമാറി.
ഈ ആവശ്യമാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് 2-ാം ദിവസം കണ്ണന് സാധിച്ചുകൊടുത്തത്. കൊവിഡ് കാലമായതിനാല്‍ സ്കൂളില്‍ പോകാനോ കളിക്കാനോ കഴിയുന്നില്ല. ഇവിടെയാണെങ്കില്‍ കളിക്കളവുമില്ല, ക്രിക്കറ്റ് കളിക്കണമെങ്കില്‍ ബാറ്റും ബോളുമില്ല. ഇതിനാല്‍ ക്രിക്കറ്റ് കളിക്കാന്‍ വേണ്ടിയുള്ള സഹായമെങ്കിലും ഞങ്ങള്‍ക്ക് ചെയ്തു തരണമെന്നായിരുന്നു കുറിപ്പില്‍ പറഞ്ഞിരുന്നത്.
തെരഞ്ഞെടുപ്പ് കഴിയട്ടെ പരിഹാരമുണ്ടാക്കാമെന്നായിരുന്നു കണ്ണന് അപ്പോള്‍ മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് കളിക്കാനുള്ള കിറ്റുമായി കണ്ണനും കമറുദ്ദീനും കുട്ടികളെ കാണാന്‍ എത്തി അദ്ദേഹം പറഞ്ഞ വാക്കുപാലിച്ചു. കണ്ണന് നന്ദി പറഞ്ഞ് കുട്ടികള്‍ കിറ്റ് ഏറ്റുവാങ്ങി.