തിരുവല്ല: വീട്ടില്‍ ആരും ഇല്ലാതിരുന്നപ്പോള്‍ ബാല്‍ക്കണിയില്‍ കുടുങ്ങിയ വയോധികയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ അമ്പലപ്പാട്ട് വീട്ടില്‍ അച്ചാമ്മക്കുട്ടിയെ (70) ആണ് ബാല്‍ക്കണിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചത്.
മുറിയുടെയും ബാല്‍ക്കണിയുടെയും ഇടയിലുള്ള ഗ്രില്ല് തള്ളിനീക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ പൂട്ട് വീഴുകയായിരുന്നു. ഇതോടെ ബാല്‍ക്കണിയില്‍ കുടുങ്ങിയ അച്ചാമ്മ രാത്രി മുഴുവന്‍ ബാല്‍ക്കണിയില്‍ കഴിച്ചുകൂട്ടി.
ബാല്‍ക്കണിയുടെ പുറംഭാഗം ചില്ലിട്ട് അടച്ചിരുന്നതിനാല്‍ ഉച്ചത്തില്‍ നിലവിളിച്ചിട്ടും ആരും കേട്ടില്ല. പിന്നീട് ഇന്നലെ രാവിലെ കെട്ടിടത്തിന്റെ എതിര്‍വശത്ത് പണിക്കെത്തിയ തൊഴിലാളികളെ ചില്ലില്‍ തട്ടി ശബ്ദമുണ്ടാക്കി കൈകാട്ടി വിളിക്കുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ പോലീസിലും അഗ്നിരക്ഷാസേന ഓഫിസിലും വിവരമറിയിച്ചു.
രാവിലെ 9 മണിയോടെ അഗ്നിരക്ഷാ സേനയുടെ റെസ്ക്യൂ ടീം സ്ഥലത്തെത്തി വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അച്ചാമ്മക്കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സീനിയര്‍ റെസ്ക്യൂ ഓഫിസര്‍ സുന്ദരേശന് നായര്‍, ഓഫിസര്‍മാരായ ശ്രീനിവാസ്, വിനീത്, ജിതിന്, ശരത്, ഹോംഗാര്‍ഡ് സജിമോന്‍ എന്നിവര്‍ നേതൃത്വത്തിലാണ് വീട്ടമ്മയെ രക്ഷിച്ചത്.