കോന്നി: കോന്നിയില്‍ ഭരണം പിടിക്കാന്‍ യുഡിഎഫും എന്‍ഡിഎയും കച്ചകെട്ടി ഇറങ്ങുമ്പോള്‍, ഭരണം നിലനിര്‍ത്താന്‍ ജനങ്ങളെ മുറുകെപിടിച്ചിരിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാര്‍. മൂന്ന് മുന്നണികളും വിശ്രമമില്ലാതെ പ്രചാരണം ഉഷാറാക്കുകയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും കളത്തില്‍ നിറഞ്ഞതോടെ ശക്തമായ മത്സരം തന്നെയാണ് കോന്നി നിയോജക മണ്ഡലത്തില്‍ അരങ്ങേറാനൊരുങ്ങുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാറിന്റെ ഇന്നലത്തെ പ്രചാരണ പരിപാടി അരുവാപ്പുലത്തിന്റെ മണ്ണിലൂടെയായിരുന്നു. ഇത്തവണ ഇടത്തോട്ടു ചാഞ്ഞ പഞ്ചായത്തില്‍ നിന്ന് നല്ല മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് കെയു ജനീഷ് കുമാര്‍ കോന്നിയില്‍ എത്തിയത്. ഇതിനിടെ ഐരവണ്‍ പാലത്തിന്റെ എസ്റ്റിമേറ്റ് സംബന്ധിച്ച കാര്യത്തിന് സെക്രട്ടേറിയറ്റിലും പോയിരുന്നു.
ഉച്ച കഴിഞ്ഞതോടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നേതാക്കളും പ്രവര്‍ത്തകരും ജനപ്രതിനിധികളും കാത്തു നില്ക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഉച്ച ഭക്ഷണം കഴിച്ച ശേഷം പഞ്ചായത്തില്‍ പര്യടനം. തുടര്‍ന്ന് മുതുപേഴുങ്കല്‍, അതിരുങ്കല്‍ മേഖലകളില്‍ വോട്ടര്‍മാരെ കണ്ടു. അതിരുങ്കലില്‍ 2 വീടുകളില്‍ എത്തി കിടപ്പുരോഗികളെ സന്ദര്‍ശിച്ചു.
കൈ ചിഹ്നം ആയതുകൊണ്ടായിരിക്കാം ആനയുടെ തുമ്പിക്കൈയില്‍ കൈ തൊട്ട് വന്ദിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി റോബിന് പീറ്റര്‍ ഇന്നലത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനു തുടക്കം കുറിച്ചത്. ക്ഷേത്ര ദര്ശനത്തിനെത്തിയവരോടും ഇക്കോ ടൂറിസം സെന്ററില്‍ സന്ദര്‍ശകരോടും പാപ്പാന്മാരോടും ജീവനക്കാരോടും റോബിന് പീറ്റര്‍ വോട്ട് അഭ്യര്‍ഥിച്ചു. ഉച്ചയ്ക്കു മുന്‍പ് കൂടല്‍, കലഞ്ഞൂര്‍, പാടം, തിടി തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളിലും വ്യക്തികളെയും നേരില്‍ കാണാനുള്ള ഓട്ടമായിരുന്നു പിന്നീട്.
വകയാര്‍ കരിങ്കുടുക്കയില് മരണം നടന്ന വീട്ടിലെത്തി. ശേഷം കൂടലിലേക്കു പോയി. ജംഗ്ഷന് കഴിഞ്ഞുള്ള പള്ളിക്കു മുന്പില് ജനപ്രതിനിധികളും നേതാക്കളും പ്രവര്‍ത്തകരും കാത്തു നില്ക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും കടകളിലും വോട്ടഭ്യര്‍ഥിച്ചു. ഉച്ചയ്ക്കു ശേഷം കൊല്ലന്‍പടിയിലായിരുന്നു പ്രചാരണം. വൈകിട്ട് കോന്നിയില്‍ മഹിളാ സംഗമത്തില്‍ പങ്കെടുത്തു. അവിടെ നിന്ന് കൈപ്പട്ടൂരിലേക്കാണു പോയത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ ഊര്‍ജിതമായി അരങ്ങേറുന്നുണ്ട്. മഞ്ചേശ്വരം മണ്ഡലത്തില്‍ പര്യടനത്തിനായി പോകുന്നതിനാല്‍ രണ്ട് ദിവസം സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ ഇല്ലെങ്കിലും പാര്‍ട്ടി തലത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി നടക്കുന്നു.