ആറന്മുള: ഇടിഞ്ഞു വീഴാറായ വീട്ടില്‍ നിന്ന് മോചനം, നാട്ടുകാരുടെ സഹായത്തോടെ ബധിരനും മൂകനുമായ വിനോദിനും സജീവനും അടച്ചുറപ്പുള്ള വീട് ഒരുങ്ങുന്നു. മല്ലപ്പുഴശേരി പഞ്ചായത്തിലെ 13-ാം വാര്‍ഡ് ആറന്മുള തറയില്‍ മുക്കിനു സമീപം പരേതരായ ചെല്ലപ്പന് ആചാരിയുടെയും സരസ്വതിയുടെയും മക്കളാണ് സജീവും വിനോദും.
വിനോദ് ജന്മനാ ബധിരനും മൂകനുമാണ്. സജീവിനു ജോലി ചെയ്യാന്‍ ശാരീരിക ബുദ്ധിമുട്ടുണ്ട്. അച്ഛന്റെ പേരിലുള്ള 4 സെന്റ് പുരയിടത്തില്‍ ഇടിഞ്ഞു വീഴാറായ വീട്ടില്‍ ആയിരുന്നു ഇവരുടെ ഇതുവരെയുള്ള ജീവിതം.
മഴ പെയ്താല്‍ പൂര്‍ണമായും ചോര്‍ന്നൊലിക്കുന്നത് കാരണം വീടിനുള്ളില്‍ കിടന്നുറങ്ങാന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. 2018ലെ പ്രളയത്തില്‍ വീട് പൂര്‍ണമായി നശിച്ചു. ഉണ്ടായിരുന്ന വീട്ടു ഉപകരണങ്ങളും നഷ്ടപ്പെട്ടു. കിണറും നല്ലൊരു ശുചിമുറിയും ഇവര്‍ക്കില്ല. കുറച്ചു അകലെയുള്ള വീട്ടില്‍ നിന്നാണ് വെള്ളം ശേഖരിക്കുന്നത്.
വീടിനും ശുചിമുറിക്കും കിണറിനും പഞ്ചായത്തില്‍ അപേക്ഷ നല്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. വീടും സ്ഥലവും ഇവരുടെ പേരില്‍ അല്ലെന്നുള്ളതാണു പ്രധാന പ്രശ്നം. സജീവിനു വല്ലപ്പോഴും ലഭിക്കുന്ന ചെറിയ കൂലിപ്പണിയാണ് ഇവരുടെ ഏക വരുമാനം. സുമനസ്സുകളുടെ സഹായത്താലാണ് ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നതും മരുന്നു വാങ്ങുന്നതും മറ്റും. സഹായത്തിനായി ഇവര്‍ കയറിയിറങ്ങാത്ത വാതിലുകളില്ല.
ഇവരുടെ അവസ്ഥയറിഞ്ഞ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മല്ലപ്പുഴശേരി ഡിവിഷന് അംഗം ജിജി ചെറിയാന് മാത്യു, കോഴഞ്ചേരി പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കല്‍, അയല്‍വാസിയായ വിനു എന്നിവര്‍ ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് വീടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പകുതിയോളം കഴിഞ്ഞു. ഇനി കുറച്ചുകൂടി പൂര്‍ത്തിയാക്കാനുണ്ട്. സുമനസ്സുകളുടെ സഹായം ഉണ്ടെങ്കില്‍ നിര്‍മാണം വേഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം പറയുന്നത്.