പറക്കോട്: വീടിന്റെ ഗേറ്റിലെ കമ്പിക്കിടയില്‍ കാലു കുടുങ്ങിയ തെരുവുനായയെ രക്ഷപ്പെടുത്തി അഗ്നിശമനസേന. പറക്കോട് പ്ലാവിളയില്‍ മാത്യു ജോര്‍ജിന്റെ വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ നായയെയാണു രക്ഷപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.
ബഹളം കേട്ട് വീട്ടുകാര്‍ എത്തി നായയെ രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും നടന്നില്ല. തുടര്‍ന്ന് അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. അടൂരില്‍ നിന്ന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ കെസി റെജികുമാറിന്റെ നേതൃത്വത്തില്‍ അഗ്നിശമനസേന രാവിലെ 6.30ന് സ്ഥലത്തെത്തി യന്ത്രം ഉപയോഗിച്ച് ഗേറ്റിന്റെ കമ്പി അകത്തിയാണ് നായയെ രക്ഷപ്പെടുത്തിയത്.
അതേസമയം, കഴിഞ്ഞ ദിവസം കൊല്ലത്ത് ടോറസിന് പിന്നില്‍ ടിപ്പര്‍ ഇടിച്ചു, ടിപ്പറില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയിരുന്നു. സീഡ് ഫാം ജംഗ്ഷനില്‍ നടന്ന സംഭവത്തില്‍ ഡ്രൈവര്‍ തോട്ടയ്ക്കാട് സ്വദേശി അജീഷിനെ (40) ആണ് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്.
കടയ്ക്കലേക്ക് വരുമ്പോഴായിരുന്നു അപകടം. കട്ടര്‍ ഉപയോഗിച്ച് ടിപ്പറിന്റെ ഭാഗങ്ങള്‍ കട്ട് ചെയ്താണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തില്‍ പരുക്കേറ്റ് അജീഷിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.