നെല്ലിയാമ്പതി: ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞുവീണ തോട്ടം തൊഴിലാളി കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചു. നെല്ലിയാമ്പതി ആനമട എസ്റ്റേറ്റിലെ തൊഴിലാളി പെരിയചോല സ്വദേശി വെള്ളയ്യനാണ് (45) മരിച്ചത്. വെള്ളിയാഴ്ചരാവിലെ 10 മണിക്കാണ് സംഭവം.
സ്വകാര്യ തോട്ടത്തിലെ തൊഴിലാളിയായ വെള്ളയ്യന് കാടുവെട്ടുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ കുഴഞ്ഞുവീണു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ ഉടന്‍തന്നെ ജീപ്പില്‍ കയറ്റി കൈകാട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചു. വിജയലക്ഷ്മിയാണ് മരിച്ച വെള്ളയന്റെ ഭാര്യ. മക്കള്‍: രശ്മി, മാണിക്കന്, സോളന്‍.
കോളനിയിലുള്ളവര്‍ക്ക് എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ ആശുപത്രിയിലെത്താന്‍ വൈകുന്നുത് ഇവിടെ പതിവാണ്. നെല്ലിയാമ്പതി ആനമടയിലെ തോട്ടം തൊഴിലാളികള്‍ക്ക് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം 14 കിലോമീറ്റര്‍ ദൂരെയാണ്. ഇവിടെയെത്താന്‍ ദുര്‍ഘടമായ കാട്ടുവഴികളിലൂടെ ഒന്നരമണിക്കൂര്‍ യാത്രചെയ്യണം.
കുന്നും പാറക്കല്ലുകളും മണ്ണും നിറഞ്ഞ പാതയിലൂടെയുള്ള യാത്ര പ്രദേശവാസികള്‍ക്ക് ദുരിതമാണ്. നൂറിലധികം പേര് താമസിക്കുന്ന ആനമട കോളനിയിലേക്കുള്ള പാത തകര്‍ന്നതുമൂലം യാത്ര ദുരിതമാവുകയാണ്. മണ്ണും പാറക്കല്ലുകളും വെള്ളം കുത്തിയൊലിച്ചുണ്ടായ ചാലുകളുമാണ് യാത്ര ദുരിതമാക്കുന്നത്. ജീപ്പ് മാത്രമാണ് ഈ പാതയിലൂടെ യാത്രയ്ക്കായി ഉപയോഗിക്കുന്നത്.
ഇതിപ്പോള്‍ രണ്ടാമത്തെ തവണയാണ് സമയത്ത് ചികിത്സ ലഭിക്കാതെ മരണം സംഭവിക്കുന്നത്. വര്‍ഷങ്ങളായി പ്രദേശവാസികള്‍ പാത നന്നാക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിലും ഗ്രാമപ്പഞ്ചായത്തിലും കളക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും ഇനിയും അധികൃതര്‍ ആനമടയിലേക്ക് കണ്ണു തുറക്കുന്നില്ല.